പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ പദ്ധതിയില്ല; പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി. പശുവിനെ ദേശീയ മൃഗമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്ന ബി.ജെ.പി എം.പി ഭഗീരഥ് ചൗധരിയുടെ ചോദ്യത്തിനുള്ള മറുപടിയായി പാര്‍ലമെന്റിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമനിര്‍മാണത്തിലൂടെ ഭാരതത്തിന്റേയും സനാതന സംസ്‌കാരത്തിന്റേയും സംരക്ഷണവും പുനരുജ്ജീവനവും പരിഗണിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഗോമാത(പശു)യെ ദേശീയ മൃഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ബി.ജെ.പി എം.പിയുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.
Content Highlights: Cow will not be declared as national animal: Govt tells Parliament