കോവിഡ് രോഗികളുടെ ഗുരുതരാവസ്ഥ: ബ്ലാക്ക് ഫംഗസും കാരണമാകുന്നുവെന്ന് റിപ്പോർട്ട്

Photo : AFP
Photo : AFP

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തോടൊപ്പം മ്യൂകോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് മരണസംഖ്യ വര്‍ധിക്കുന്നതിന് മ്യൂകോര്‍മൈക്കോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക കൂട്ടുന്നതായി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. 

മ്യൂകോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന ഫംഗസ് ബാധ കോവിഡ് രോഗികളില്‍ കൂടുതലായി കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ മ്യൂകോര്‍മൈക്കോസിസ് ജീവന് ഭീഷണിയാകുന്നു. രക്തക്കുഴലുകള്‍ക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. 

മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അനുബന്ധകലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാല്‍ രോഗി ഗുരുതരാവസ്ഥയിലാവുകയും ജീവന്‍ നഷ്ടമാകുകയും ചെയ്യും. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുന്നതാണ് ഗുരുതരപ്രതിസന്ധിയായി തീര്‍ന്നിരിക്കുന്നത്. 

കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വീണ്ടും വര്‍ധനവുണ്ടായതായി ശ്രീ ഗംഗാറാം ആശുപത്രിയിലെ സീനിയര്‍ ഇഎന്‍ടി സര്‍ജന്‍ ഡോക്ടര്‍ മനീഷ് മുഞ്ജാല്‍ പറഞ്ഞു. കോവിഡിന്റെ ആദ്യതരംഗത്തിലും മ്യൂകോര്‍മൈക്കോസിസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ ഫംഗസ് ബാധ നിരവധി രോഗികളുടെ മരണത്തിനിടയാക്കുകയും നിരവധി പേരില്‍ കാഴ്ച നഷ്ടപ്പെടലിനോ മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയോ ചെയ്തതായും ഡോക്ടര്‍ മനീഷ് കൂട്ടിച്ചേര്‍ത്തു. 

കോവിഡ് രോഗികളില്‍ കൂടുതല്‍ പേരും പ്രമേഹരോഗികളായതിനാലാവണം ഇത്തരമൊരു പ്രതിസന്ധിയ്ക്ക് കാരണമെന്ന് ശ്രീ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി വകുപ്പ് മേധാവി ഡോക്ടര്‍ അജയ് സ്വരൂപ് പറയുന്നു. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാവണം പ്രമേഹരോഗികളില്‍ ഫംഗസ് ബാധയ്ക്ക് കാരണമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മുക്തിയ്ക്ക് ശേഷം പ്രമേഹം, അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗികള്‍ എന്നിവരില്‍ മ്യൂകോര്‍മൈക്കോസിസ് കണ്ടുവരുന്നതും കുറവല്ലെന്ന് ഡോക്ടര്‍ അജയ് സ്വരൂപ് പറഞ്ഞു. 

പ്രതിരോധശേഷി കുറഞ്ഞവരിലാണ് സാധാരണയായി ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്. മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വിദഗ്ധപരിശോധനയ്ക്ക് വിധേയരാവുകയും അടിയന്തര ചികിത്സ തേടുകയുമാണ് ആവശ്യമെന്ന് ഡോക്ടര്‍ മനീഷും ഡോക്ടര്‍ അജയ് സ്വരൂപും പറഞ്ഞു. 

Content Highlights: Covid-19 Induced Black Fungus Or Mucormycosis Cases Reported

Content Highlights: