‘നിങ്ങൾ ജെൻ സീകളല്ല, ആരാണ് നിങ്ങൾ, ഉദ്ദേശ്യം എന്താണ്’: സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
സൗരവ് ദാസ്, അശുതോഷ് റാങ്ക | Photo: ANI
സൗരവ് ദാസ്, അശുതോഷ് റാങ്ക | Photo: ANI

ന്യൂഡൽഹി: സിജെപി സമരത്തിന്റെ സ്വഭാവത്തെയും ഉദ്ദേശ്യത്തെയും ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ ഒന്നുതന്നെയായിരിക്കുകയും എന്നാൽ അവർ ഉന്നയിക്കുന്ന വിഷയങ്ങളും കാരണങ്ങളും നിരന്തരം മാറിമറിയുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊതുസമാധാനത്തിനും ക്രമസമാധാനത്തിനും ഭീഷണി ഉയരുന്ന പക്ഷം ഇത്തരം കൂട്ടായ്മകളുടെ നിലനിൽപ്പും പശ്ചാത്തലവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ പ്രായം ചൂണ്ടിക്കാട്ടിയ കോടതി, നിങ്ങൾ ജെൻ സീകളല്ലല്ലോ എന്നും ചോദിച്ചു. മില്ലേനിയലുകൾ എന്ന് പറഞ്ഞാൽ ഏത് പ്രായത്തിലുള്ളവരാണ്? അതൊരു വിദ്യാർഥി സമരമായിരുന്നു, കുട്ടികൾ അവിടെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇതൊരു വേറെ വിഷയമാണ്. ആളുകൾ അതുപോലെ തന്നെ തുടരുന്നുവെങ്കിലും വിഷയം മാറി. അടുത്ത ചോദ്യം നിങ്ങൾ ആരാണ്? നിങ്ങളുടെ സംഘടന എന്താണ്? സംഘടനയുടെ ഉദ്ദേശ്യം എന്താണ്? സമാധാനവും ക്രമസമാധാനവും തകരുമെന്ന ആശങ്ക ഉള്ളപ്പോൾ, ഈ ചോദ്യങ്ങളെല്ലാം പ്രാധാന്യം അർഹിക്കുന്നു. കോടതി നിരീക്ഷിച്ചു.

നാടിന്റെ സമാധാന അന്തരീക്ഷം തകരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമ്പോൾ ഇത്തരം ചോദ്യങ്ങൾ കൃത്യമായി പരിശോധിക്കപ്പെടണം. ആവർത്തിച്ച് കാരണം മാറ്റുന്ന ഇത്തരം പ്രക്ഷോഭകരുടെ പശ്ചാത്തലം അന്വേഷിക്കുന്നത് ക്രമസമാധാന പരിപാലനത്തിന് അത്യാവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സംഘടനകളുടെ നിലനിൽപ്പിനെയും ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള വാദപ്രതിവാദങ്ങൾ അതിന് അനുയോജ്യമായ മറ്റ് നിയമനടപടികളിൽ വേണം ഉന്നയിക്കാനെന്നും കോടതി ഓർമ്മിപ്പിച്ചു.