ആദിവാസികളുടെ മതപരിവർത്തനം; മലയാളി ദമ്പതികൾ കർണാടകയിൽ അറസ്റ്റിൽ

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

മടിക്കേരി: ആദിവാസി വിഭാഗത്തിലുള്‍പ്പെടുന്നവരെ മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ കസ്റ്റഡിയില്‍. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി കോളനിയില്‍ എത്തിയത്. ആദിവാസി വിഭാഗക്കാരനായ പണിയറവര മുത്തയേയും കുടുംബത്തെയും വീട്ടില്‍ സന്ദര്‍ശിച്ച് ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതായാണ് പരാതി. 

ചില ഹൈന്ദവ സംഘടനകളാണ് കുട്ട പോലീസില്‍ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നേരത്തെയും ഈ മേഖലയില്‍ മതപരിവര്‍ത്തനം നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമമായ സെക്ഷന്‍ 295 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Couple booked for alleged religious conversion of tribals in Kodagu