കോൺഗ്രസ് സുപ്രീംകോടതി ലീഗൽ സെൽ പുനഃസംഘടിപ്പിച്ചു; കൺവീനറായി അൽജോ കെ. ജോസഫിനെ നിയമിച്ചു

ന്യൂഡൽഹി: യുവ അഭിഭാഷകർക്ക് കൂടുതൽ പ്രാതിനിധ്യവും സംഘടനാ ചുമതലകളും നൽകുന്നതിന്റെ ഭാഗമായി കോൺഗ്രസ് പാർട്ടിയുടെ സുപ്രീംകോടതി ലീഗൽ സെൽ പുനഃസംഘടിപ്പിച്ചു. നിയമവിഭാഗത്തെ കൂടുതൽ സജീവവും കാര്യക്ഷമവുമാക്കുകയാണ് പുനഃസംഘടനയുടെ ലക്ഷ്യം. സുപ്രീംകോടതിയിലെ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് അൽജോ കെ. ജോസഫിനെ സുപ്രീംകോടതി ലീഗൽ സെൽ കൺവീനറായി നിയമിച്ചു.
എ.ഐ.സി.സി. ലീഗൽ, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആർ.ടി.ഐ. ഡിപ്പാർട്ട്മെന്റിന്റെ സുപ്രീംകോടതി യൂണിറ്റ് ചെയർമാൻ സീനിയർ അഡ്വക്കേറ്റ് ഡോ. അനൂപ് ജോർജ് ചൗധരി ഫിറോസാണ് പുനഃസംഘടന പ്രഖ്യാപിച്ചത്. കേരള സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലാണ് നിലവിൽ അൽജോ കെ. ജോസഫ്. സുപ്രീംകോടതി അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ് അസോസിയേഷൻ (SCAORA) ട്രഷറർ ആയി പ്രവർത്തിച്ച് വരുന്നുണ്ട്.
ആദിത്യ രഞ്ജനെ ലീഗൽ സെൽ സെക്രട്ടറിയായി നിയമിച്ചു. പുതുതായി ചുമതലയേറ്റ കൺവീനറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വരുൺ കെ. ചോപ്ര, അങ്കിത് ആചാര്യ എന്നിവരെ അഡീഷണൽ സെക്രട്ടറിമാരായും ദുഷ്യന്ത് പരാശർ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.
യുവാക്കളും സജീവമായി പ്രവർത്തിക്കുന്നവരുമായ അംഗങ്ങൾക്ക് സംഘടനയിൽ പ്രധാന ചുമതലകൾ നൽകുകയും നിയമരംഗത്ത് കോൺഗ്രസിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത് എന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പുരോഗമനപരവുമായ ശബ്ദങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് നിയമവിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും കോൺഗ്രസ് പാർട്ടിയുടെ അടിസ്ഥാന ആശയങ്ങൾ നിയമസമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. ചൗധരി പറഞ്ഞു.
Content Highlights: Congress reorganizes Supreme Court Legal Cell to empower young lawyers., Advocate-on-Record Aljo K. Joseph appointed as Convenor., Dr. Anoop George Chaudhari announced the new appointments., Aims to strengthen Congress's presence and active voice in the legal domain.