‘ഹൗഡി മോദിയും ആലിംഗനവുമൊക്കെ വെറുതേയായി’: ട്രംപിന്റെ ഭീഷണിയിൽ മോദിക്കെതിരേ കോൺഗ്രസിന്റെ വിമർശനം

#ന്യൂസ് ഡെസ്ക്
ജയ്റാം രമേശ്, നരേന്ദ്ര മോദി | ഫോട്ടോ: മാതൃഭൂമി, പിടിഐ
ജയ്റാം രമേശ്, നരേന്ദ്ര മോദി | ഫോട്ടോ: മാതൃഭൂമി, പിടിഐ

ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നിലപാടിനെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ്. യുഎസ് ഇന്ത്യയെ സമ്മർദത്തിലാക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ സമീപനങ്ങളേയും വിമർശിച്ചു. മോദി തന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നെന്ന ട്രംപിന്‍റെ പരാമർശത്തിന് പിന്നാലെയായിരുന്നു കോൺഗ്രസിന്‍റെ വിമർശനം.

മോദിയും ട്രംപും തമ്മിൽ ആവർത്തിച്ചുള്ള സൗഹൃദ പ്രദർശനങ്ങളുണ്ടായിട്ടും യുഎസ് ഇന്ത്യയോട് ഇരട്ടത്താപ്പ് നയം കാണിക്കുന്നതെന്തുകൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു. 'നമസ്‌തേ ട്രംപ്', 'ഹൗഡി മോദി' തുടങ്ങിയ പരിപാടികളും പൊതുവേദികളിലുള്ള പ്രശംസയും വ്യക്തിപരമായ അടുപ്പവുമൊന്നും ഇന്ത്യക്ക് കാര്യമായ പ്രയോജനം ചെയ്തില്ലെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.

'വൈറ്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഉറ്റ ചങ്ങാതി, ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് സമീപനം തുടരുന്നു. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യയിൽനിന്നുള്ള യുഎസ് ഇറക്കുമതിയുടെ താരിഫുകൾ വർധിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. നമസ്‌തേ ട്രംപ്, ഹൗഡി മോദി പരിപാടികളും ആലിംഗനങ്ങളും ട്രംപിനെ പുകഴ്ത്തിയുള്ള സാമൂഹിക മാധ്യമ പോസ്റ്റുകളും വളരെ കുറഞ്ഞ ഗുണങ്ങൾ മാത്രമേ തന്നുള്ളൂ' എന്ന് ജയ്‌റാം രമേശ് സാമൂഹിക മാധ്യമമയാ എക്‌സിൽ കുറിച്ചു.

ഇന്ത്യ ചെലവുകൾ പരിഗണിച്ചാണ് എപ്പോഴും ഇന്ധനം സംഭരിച്ചിട്ടുള്ളതെന്നും റഷ്യയിൽനിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങാനുള്ള പരമാധികാരമുണ്ടെന്നും കോൺഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. മോദിയുടെ ബലഹീനത മുതലെടുക്കുകയാണ് യുഎസ് എന്നും തിവാരി കൂട്ടിച്ചേർത്തു.

അമേരിക്കയുടെ വ്യാപാര-ഊർജ താത്പര്യങ്ങൾക്കനുസരിച്ച് നീങ്ങിയില്ലെങ്കിൽ ഇന്ത്യക്കെതിരേ വീണ്ടും നികുതി വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. മോദിയെ വളരെ നല്ല മനുഷ്യനെന്ന് പ്രശംസിച്ച ട്രംപ് പക്ഷേ, വ്യാപാര കാര്യങ്ങളിൽ ഇന്ത്യയുടെ നിലപാടിൽ താൻ തൃപ്തനല്ലെന്നും അറിയിച്ചു. മോദി തന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Content Highlights: Congress Criticizes Trump's Pressure on India's Russian Oil Deal, Questions Modi's Stance