ഇന്റലിജൻസ് പരാജയപ്പെട്ട കോൺഗ്രസിന്റെ അതിരഹസ്യനീക്കം, കടുപ്പിച്ച് പാറ്റകളും

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും |ഫോട്ടോ:PTI
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും |ഫോട്ടോ:PTI

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇന്റലിജൻസ് സംവിധാനങ്ങളടക്കം പരാജയപ്പെട്ട അതിരഹസ്യ നീക്കത്തിലൂടെയാണ് കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിലെത്തിയത്.

പ്രധാനമന്ത്രിമാത്രം ഉപയോഗിക്കുന്ന പ്രധാന ഗേറ്റിനുമുന്നിലാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കമുള്ള നേതാക്കൾ കുത്തിയിരിപ്പുസമരം നടത്തിയത്. നേതാക്കളിരുന്ന സ്ഥലത്തിന് 150 മീറ്റർമാത്രം അകലമേ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ളൂ. സമരത്തെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തതിനാൽ ആ ഭാഗത്ത് സാധാരണരീതിയിലുള്ള ഗതാഗതം പോലീസ് അനുവദിച്ചിരുന്നു. രാവിലെ പാർലമെന്റ് സമ്മേളനം അലങ്കോലമായതിനുപിന്നാലെ വിജയ് ചൗക്കിൽ പ്രതിഷേധംനടത്താനായിരുന്നു കോൺഗ്രസ് തീരുമാനം. ഈ വിവരം പുറത്തറിഞ്ഞതോടെ പോലീസ് ആ മേഖല ബാരിക്കേഡുവെച്ച് തടഞ്ഞു. തുടർന്നാണ് പദ്ധതി മാറ്റിയത്. ഖാർഗെ, രാഹുൽ, പ്രിയങ്ക, വേണുഗോപാൽ എന്നിവർക്ക് മാത്രമാണ് ഇക്കാര്യമറിയാമായിരുന്നത്.

വിദ്യാർഥികളെ പോലീസ് മർദിച്ചതിൽ ജന്മദിനാഘോഷം വേണ്ടെന്നുവെച്ച ഖാർഗെയുടെ വസതിയിൽ എത്തണമെന്ന് ഉച്ചയോടെ എം.പി.മാരെ കെ.സി. വേണുഗോപാൽ അറിയിച്ചു. ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതാവാമെന്നാണ് എം.പി.മാരും കരുതിയത്.

എം.പി.മാരെത്തിയതോടെ പ്രധാനമന്ത്രിയുടെ വസതിക്കടുത്തേക്ക് മൂന്നേകാലോടെ നേതാക്കൾ നടന്നുനീങ്ങി. രാജാജിമാർഗിൽനിന്ന് 250 മീറ്ററോളം മാത്രമാണ് ലോക് കല്യാൺ മാർഗിലേക്കുള്ള ദൂരം. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പൊതുവേ കൂടുതൽ പോലീസുണ്ടാവാറില്ല.

വസതിമുഴുവൻ സി.ആർ.പി.എഫും ബി.എസ്.എഫുമടങ്ങുന്ന അർധസൈനികരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് പെട്ടെന്ന് നേതാക്കളെ തടയാനുമായില്ല. കുത്തിയിരിപ്പ് തുടങ്ങിയതോടെയാണ് കൂടുതൽ പോലീസെത്തിയത്.

20 മിനിറ്റിനുള്ളിൽ ആഭ്യന്തരസെക്രട്ടറിയും മന്ത്രി ജിതേന്ദ്രസിങ്ങുമെത്തി. പ്രധാനമന്ത്രിയുടെ വസതിക്ക് രണ്ട് പ്രധാന ഗേറ്റുകളാണ്. ഒന്നിലൂടെയാണ് സന്ദർശകർക്ക് പ്രവേശനം. മറ്റൊന്ന് പ്രധാനമന്ത്രിയുടെ സഞ്ചാരത്തിനുമാത്രം. അവിടെയാണ് നേതാക്കളെത്തിയത്. ഇത്രയും അതിസുരക്ഷാമേഖലയിൽ പ്രതിഷേധം നടക്കുമെന്നതിന്റെ രഹസ്യാന്വേഷണസൂചന ലഭിക്കാത്തത് കേന്ദ്രസർക്കാരിന് വലിയ ക്ഷീണമായി.

കടുപ്പിച്ച്...പാറ്റകളും

പോലീസ് വേട്ടയിലും കുലുങ്ങാതെ ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാപാർട്ടിയുടെ(സി.ജെ.പി.) രാപകൽ സമരം തുടരുന്നു.

പരീക്ഷാവീഴ്ചകളിൽ ഉത്തരവാദിത്വമേറ്റ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒരുമാസമായി പ്രതിഷേധിക്കുന്ന സി.ജെ.പി.യുടെ സമരപ്പന്തലുകൾ ഡൽഹി പോലീസ് പൊളിച്ചുനീക്കിയെങ്കിലും രാത്രിതന്നെ പ്രതിഷേധക്കാർ വേദിയിൽ തിരിച്ചെത്തി. പാർലമെന്റ് മാർച്ചിനെത്തിയ പ്രതിഷേധക്കാരെ തിങ്കളാഴ്ച പോലീസ് അടിച്ചൊതുക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും പൂർവാധികം ശക്തിയിലാണ് സമരം. കനത്ത നിയന്ത്രണങ്ങൾക്കിടയിലും ആയിരങ്ങൾ ചൊവ്വാഴ്ചയും സമരവേദിയിൽ ഐക്യദാർഢ്യവുമായെത്തി.

പോലീസ് നടപടിയുടെ കൂടുതൽ ദൃശ്യങ്ങൾ ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളിൽ പുറത്തുവന്നു. പെൺകുട്ടികൾക്കുനേരേ പുരുഷപോലീസുകാർ കൈയേറ്റത്തിനു മുതിരുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. അഡീഷണൽ ഡി.സി.പി. സന്ദീപ് ലാംബ പ്രതിഷേധക്കാരിയുടെ മുഖത്തടിക്കുന്ന ദൃശ്യം പുറത്തുവന്നതിനുപിന്നാലെ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്ന് സി.ജെ.പി. ആവശ്യപ്പെട്ടു.

വിവിധ വകുപ്പുകളിൽ സമരക്കാരുടെ പേരിൽ പോലീസ് അഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഇരുപതോളം പോലീസ് വാഹനങ്ങൾ തകർന്നെന്നും സേനയ്ക്കുനേരേ കല്ലേറുണ്ടായെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ് ഒട്ടേറെപ്പേർ ചികിത്സയിൽക്കഴിയുന്നുണ്ട്. അറുപതോളം പ്രതിഷേധക്കാർക്കും നൂറിലേറെ പോലീസുകാർക്കും പരിക്കേറ്റെന്നാണ് ഡൽഹി പോലീസിന്റെ ഭാഷ്യം. എന്നാൽ, അതിലുമേറെ സമരക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സി.ജെ.പി.യുടെ വാദം.

ചികിത്സയിലുള്ളവരെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും സന്ദർശിച്ചു. പോലീസ് അതിക്രമത്തിൽ നടപടി വേണമെന്ന് വിദ്യാർഥി സംഘടനകളായ ഐസയും എ.ഐ.എസ്.എഫും എസ്.എഫ്.ഐ.യും ആവശ്യപ്പെട്ടു.

അതേസമയം, കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചതായി പോലീസ് അറിയിച്ചു. രാത്രിവൈകിയും സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിലേക്ക് വൻതോതിൽ യുവാക്കൾ സംഘടിച്ചെത്തുന്നുണ്ട്. പ്രതിഷേധക്കാർക്കിടയിൽ നിന്ന് ഒരു വിഭാഗം പോലീസിനുനേരെ കല്ലെറിഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കേരളത്തിൽനിന്നടക്കം നിരവധി നേതാക്കൾ ജന്തർമന്തറിലെത്തി. എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, അബ്ദുൽ വഹാബ്, കെ. നവാസ് കനി, ഹാരിസ് ബീരാൻ, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരുടെ സംഘവും കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എ.എ. റഹിം, പി. സന്തോഷ്‌കുമാർ, ജോസ് കെ. മാണി, അമ്‌റാ റാം, സു. വെങ്കടേശൻ എന്നിവരുടെ സംഘവും പിന്തുണ നൽകാനെത്തി. പോലീസ് നടപടിയെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അപലപിച്ചു.

Content Highlights: Congress leaders bypassed intelligence to reach the PM's residence for a sit-in., Major security lapse occurred at the 7 Lok Kalyan Marg high-security zone., Jantar Mantar protests by CJP against Education Minister continue despite police crackdown., Multiple FIRs filed by Delhi Police amid escalating clashes and injuries., Opposition MPs and student organizations show solidarity with injured protesters.