കോൺഗ്രസിന് ലഭിച്ച സംഭാവനയിൽ വൻ ഇടിവ്; മുൻ വർഷങ്ങളേക്കാൾ 75 ശതമാനംവരെ കുറവ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡൽഹി: കോൺഗ്രസിന് ലഭിക്കുന്ന സംഭാവനയിൽ വലിയ തോതിൽ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകളിലാണ് വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഇത്തരം സംഭാവനകളിലൂടെ പാർട്ടിക്ക് ലഭിച്ച തുകയിൽ, കഴിഞ്ഞ വർഷങ്ങളേക്കാൾ 75 ശതമാനത്തോളം കുറവുണ്ടായി.

2024-25 സാമ്പത്തിക വർഷത്തിൽ 517.39 കോടി രൂപയാണ് ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകളായി കോൺഗ്രസിന് ലഭിച്ചത്. എന്നാൽ, 2025-26ൽ ഇത് 130.69 കോടി രൂപയായി കുറഞ്ഞു. 2015-16 സാമ്പത്തിക വർഷത്തിലാണ് ഇതിനുമുമ്പ് സമാനമായ വലിയ ഇടിവ് രേഖപ്പെടുത്തിയത്. അന്ന് പാർട്ടിയുടെ സംഭാവന 141.46 കോടി രൂപയായി കുറഞ്ഞിരുന്നു. 2014-15നെ അപേക്ഷിച്ച് ഏകദേശം 86 ശതമാനത്തിന്റെ ഇടിവാണ് അന്ന് രേഖപ്പെടുത്തിയത്. കേന്ദ്രഭരണം നഷ്ടപ്പെട്ടതിനു തൊട്ടുശേഷമുള്ള വർഷങ്ങളിൽ സംഭാവനയിൽ താരതമ്യേന വലിയ വർധന കാണപ്പെട്ടിരുന്നു.

ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന് പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റിന്റെ സംഭാവന കുറഞ്ഞതാണ്. മുൻ വർഷങ്ങളേക്കാൾ ഏകദേശം 88 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കോൺഗ്രസിന്റെ ഏറ്റവും പുതിയ സംഭാവനാ റിപ്പോർട്ടിൽ ഇടംപിടിച്ച ഏക ഇലക്ടറൽ ട്രസ്റ്റും പ്രുഡന്റാണ്. സ്റ്റാർ സിമന്റ് അഞ്ച് കോടി രൂപയും സജ്ജൻ ഭജൻക നാല് കോടി രൂപയും പ്രേം കുമാർ ഭജൻക രണ്ട് കോടി രൂപയും കോൺഗ്രസിന് നൽകിയിട്ടുണ്ട്.

2020-21ൽ 74.52 കോടി രൂപയും 2021-22ൽ 95.46 കോടി രൂപയും 2022-23ൽ 79.92 കോടി രൂപയുമായിരുന്നു അന്ന് സംഭാവനയിനത്തിൽ കോൺഗ്രസ് വെളിപ്പെടുത്തിയ തുകകൾ. എന്നാൽ, ഈ കണക്കുകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള വരുമാനം ഉൾപ്പെടുന്നില്ല. പദ്ധതി നിലവിലുണ്ടായിരുന്ന കാലത്ത് ബോണ്ട് വഴിയുള്ള സംഭാവനകൾ പ്രത്യേകം റിപ്പോർട്ട് ചെയ്തിരുന്നു. ഇവ കൂടി കണക്കിലെടുക്കുമ്പോൾ 2020-21നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഭാവനയാണ് 2025-26ൽ കോൺഗ്രസിന് ലഭിച്ചത്. അതേസമയം, സംഭാവനാ റിപ്പോർട്ട് പാർട്ടിയുടെ ആകെ വരുമാനത്തിന്റെ കണക്കല്ല. ചെറിയ സംഭാവനകൾ, അംഗത്വ ഫീസ്, എന്നിവയും പാർട്ടിയുടെ വരുമാനത്തിൽ ഉൾപ്പെടും.

2025-26 സാമ്പത്തിക വർഷത്തെ കോൺഗ്രസിന്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇവ പുറത്തുവരുന്നതോടെ മാത്രമേ പാർട്ടിയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വ്യക്തമാകൂ.

സംഭാവനയുടെ കാര്യത്തിൽ കോൺഗ്രസിനെക്കാൾ ഏറെ മുന്നിലാണ് ബിജെപി. 2024-25 സാമ്പത്തിക വർഷത്തിൽ 6,074.02 കോടി രൂപയാണ് ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകളായി ബിജെപിക്ക് ലഭിച്ചത്. 12 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ പ്രകാരം ബിജെപിക്ക് കോൺഗ്രസിനേക്കാൾ കൂടുതൽ സംഭാവന ലഭിച്ചിട്ടുണ്ട്. അതേസമയം, 2025-26 സാമ്പത്തിക വർഷത്തിലെ ബിജെപി യുടെ സംഭാവനാ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല.