'ഞാനാണ് അധ്യക്ഷൻ, എനിക്ക് പ്രസംഗിക്കാൻ അവസരമില്ലേ?' വേദിയിൽ മൈക്കും കസേരയും വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ

ഡെറാഡൂൺ: മുഖ്യമന്ത്രിക്ക് മുന്നിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് മൈക്കും കസേരയും വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ. ഉത്തരാഖണ്ഡിലെ പിത്തോറഗഢിൽ നടന്ന ജൗൽജിബി മേളയിലാണ് സംഭവം. മേളയുടെ അധ്യക്ഷനായിട്ടും സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് ധാർചുല മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ഹരീഷ് ധാമിയാണ് വേദിയിൽ പ്രതിഷേധിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മേള ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയായിരുന്നു എംഎൽഎയുടെ പ്രതിഷേധം. 'ഞാനാണ് ഈ മേളയുടെ അധ്യക്ഷൻ. എന്നിട്ടും മുഖ്യമന്ത്രിയുടെ മുന്നിൽ നാട്ടുകാരുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ എനിക്ക് അവസരം നൽകിയില്ല' എന്നായിരുന്നു ഹരീഷ് ധാമിയുടെ പരാതി. പിന്നാലെ മൈക്ക് ജനക്കൂട്ടത്തിനുനേരെ വലിച്ചെറിഞ്ഞ് വേദിവിട്ടു. ഇറങ്ങിപ്പോകുന്നതിനിടെ വഴിയിൽക്കിടന്ന കസേര മൈക്ക് ഓപ്പറേറ്റർമാർക്കെതിരെ എടുത്തെറിയുകയും ചെയ്തു. ഇവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പിന്നാലെ പ്രവർത്തകർക്കൊപ്പം വേദിയിലേക്ക് കയറി പ്രതിഷേധിച്ചു. പോലീസ് എത്തി ഇവരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കനാർ മേഖലയിലെ റോഡ് ഗതാഗത പ്രശ്നങ്ങൾ, സ്ത്രീ സുരക്ഷ എന്നിവ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു താൻ ആഗ്രഹിച്ചതെന്ന് ഹരീഷ് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാനുള്ള വേദിയാണ് മേളയെന്നും സർക്കാരിനെ പുകഴ്ത്താനുള്ള വേദി മാത്രമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എംഎൽഎയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയെ അപമാനിച്ചെന്നും സംഭവത്തിൽ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സമയപരിമിതി കാരണം ചടങ്ങിന്റെ ദൈർഘ്യം നേരത്തേ കുറച്ചിരുന്നുവെന്നും ബിജെപി നേതാക്കൾ വിശദീകരിച്ചു.
Content Highlights: Congress MLA Harish Dhami protested at the Jauljibi Fair in Uttarakhand., He threw a microphone and chair on stage after not getting an opportunity to speak., Chief Minister Pushkar Singh Dhami had already left the venue when the incident occurred., BJP demanded action against the MLA for unruly behavior, while the MLA cited public issues he wanted to address.