കോൺഗ്രസിന് തുർക്കിയിൽ ഓഫീസുണ്ടെന്ന പ്രചാരണം; അർണബിനും മാളവ്യക്കുമെതിരേ പരാതിനൽകി കോൺഗ്രസ്

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അമിത് മാളവ്യക്കും റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കുമെതിരേ പരാതി നൽകി കോൺഗ്രസ്. ദുരുദ്ദേശ്യപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് കോൺഗ്രസിന്‍റെ പരാതി.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും അശാന്തി വിതയ്ക്കാനും ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് വ്യാജപ്രചാരണമെന്ന് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ ആരോപിച്ചു. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണിത്. പാര്‍ട്ടിക്കോ പാര്‍ട്ടി നേതൃത്വത്തിനോ എതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനും നിയമപരമായും രാഷ്ട്രീയപരമായും മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ലീഗല്‍ സെല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ തുര്‍ക്കി പാകിസ്താനെ പിന്തുണച്ചതോടെ തുര്‍ക്കിക്കെതിരേ കേന്ദ്രസർക്കാർ നിലപാടെടുത്തിരുന്നു. പിന്നാലെ തുര്‍ക്കി വിദ്യാഭ്യാസസ്ഥാപനങ്ങളുമായുള്ള കരാറുകള്‍ റദ്ദുചെയ്ത് വിവിധ സര്‍വകലാശാലകള്‍ രംഗത്തുവന്നു. തുര്‍ക്കിയിലേക്ക് നിശ്ചയിച്ചിരുന്ന നിരവധി യാത്രാപദ്ധതികളും റദ്ദാക്കി. ഇതിനിടെയായിരുന്നു തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രജിസ്റ്റേഡ് ഓഫീസുണ്ടെന്ന് അർണബും അമിത് മാളവ്യയും ആരോപിച്ചത്.
Content Highlights: congress files police complaint for spreading falsehoods about Turkey office