അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച് തരൂർ; അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായം, പാർട്ടിക്ക് പങ്കില്ലെന്ന് കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
ശശി തരൂർ, എൽ.കെ. അദ്വാനി | ഫോട്ടോ - പിടിഐ, എഎൻഐ
ശശി തരൂർ, എൽ.കെ. അദ്വാനി | ഫോട്ടോ - പിടിഐ, എഎൻഐ

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ 1990-ലെ രഥയാത്രയെ ന്യായീകരിച്ച ശശി തരൂരിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. തരൂര്‍ സ്വന്തം അഭിപ്രായമാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി മെമ്പറും ആയിരിക്കേ, തരൂരിന് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യ ബോധത്തെയും ലിബറല്‍ സ്വഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പവന്‍ രേഖ എക്‌സില്‍ കുറിച്ചു.

‘’എപ്പോഴത്തേയുംപോലെ, തരൂര്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. കോണ്‍ഗ്രസ് അതില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നു. ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമെന്ന നിലയില്‍ അദ്ദേഹം അത് തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകതയായ ജനാധിപത്യവും ഉദാരതയുമാണ് കാണിക്കുന്നത്’’, പവന്‍ രേഖ എക്‌സില്‍ കുറിച്ചു.

എല്‍.കെ. അദ്വാനിക്ക് 98-ാം ജന്മദിനമാശംസിച്ച തരൂര്‍ അദ്ദേഹത്തെ പ്രശംസിച്ച് എക്സിൽ പോസ്റ്റ് ഇട്ടിരുന്നു. അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചായിരുന്നു തരൂരിന്റെ പ്രശംസ. അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധത, വിനയം, മാന്യത എന്നിവ എടുത്തുപറഞ്ഞ തരൂർ, ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് മായ്ക്കാനാവാത്തതാണെന്നും പറഞ്ഞിരുന്നു. അദ്വാനിയെ യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനെന്ന് വിശേഷിപ്പിച്ച തരൂര്‍, അദ്ദേഹത്തിന്റെ സേവനജീവിതം മാതൃകാപരമാണെന്നും പറഞ്ഞു.

ഇതേത്തുടര്‍ന്ന് തരൂരിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും കൂട്ടുപിടിച്ചാണ് അദ്ദേഹമതിന് മറുപടി നല്‍കിയത്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്ന അദ്വാനിയുടെ രഥയാത്രയെ ഒരഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. അദ്വാനിയുടെ നീണ്ട വര്‍ഷത്തെ സേവനത്തെ, എത്ര പ്രധാനപ്പെട്ടതാണെങ്കിലും, ഒരു സംഭവത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്ന് തരൂര്‍ എക്‌സില്‍ കുറിച്ചു. നെഹ്‌റുവിന്റെ കരിയര്‍ ചൈനയുടെ തിരിച്ചടി വെച്ച് മാത്രം വിലയിരുത്താനാവില്ല; ഇന്ദിരാഗാന്ധിയുടേത് അടിയന്തരാവസ്ഥ വെച്ചും. ഇതേ പരിഗണന അദ്വാനിക്കും നല്‍കണമെന്നും തരൂര്‍ പറഞ്ഞു.

Content Highlights: Shashi Tharoor, LK Advani, Congress, BJP, Rath Yatra, Babri Masjid, Ram Mandir, Pawan Khera, Indian National Congress, political statements