ഡൽഹി സമരം: കാഴ്ചക്കാരായി കോൺഗ്രസ്, വിട്ടുനിന്നത് രാഷ്ട്രീയനഷ്ടം

ന്യൂഡൽഹി: ശനിയാഴ്ചത്തെ ‘രണ്ടാം ജന്തർമന്തർ’ പ്രക്ഷോഭത്തിൽനിന്ന് വിട്ടുനിന്നത് കോൺഗ്രസിന്റെ തന്ത്രപരമായ പിഴവാകുകയാണോ? ‘ജെൻസീ’ പ്രക്ഷോഭം എന്ന് പേരുകേട്ട കോക്രോച്ച് ജനതാപാർട്ടിയുടെ സമരസമീപനങ്ങളോട് തുടക്കംമുതൽ അകൽച്ചപാലിക്കുന്നതിന്റെ തുടർച്ചയായാണ് കോൺഗ്രസ് ഇത്തവണയും സമരമുഖത്തുനിന്ന് മാറിനിന്നത്. എന്നാൽ, നഷ്ടം കോൺഗ്രസിനാണെന്നാണ് വിലയിരുത്തൽ.
ജെൻസീ പ്രക്ഷോഭം
ജൂലായിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയിലേക്കെത്തിച്ച ‘ജെൻസീ’ പ്രക്ഷോഭമാണ് സി.ജെ.പി. എന്ന കോക്രോച്ച് ജനതാപാർട്ടിയുടെ പ്രഭാവത്തെ ഉയർത്തിയത്. ആരാലും ചോദ്യംചെയ്യപ്പെടില്ലെന്ന ധാർഷ്ട്യത്തോടെ നീങ്ങിയ ബി.ജെ.പി. നേതൃത്വത്തെയും കേന്ദ്രസർക്കാരിനെയും വിറപ്പിക്കാൻ പാറ്റാപ്രക്ഷോഭം വഴിവെച്ചു.
ഇടതുപാർട്ടികൾ, പ്രത്യേകിച്ച് സി.പി.എമ്മും സി.പി.ഐ.എം.എലും സി.പി.ഐ.യും സി.പി.എമ്മിന്റെ ബംഗാളിലെ പ്രഖ്യാപിതശത്രുവായിരുന്ന മമതാ ബാനർജിയുംപോലും ശനിയാഴ്ചത്തെ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയത് ‘പാറ്റാ പ്രഭാവം’ അംഗീകരിച്ചതിനാലാണ്. ഇവിടെ കാഴ്ചക്കാരായി നിൽക്കുകവഴി നാലുനാളായി കോൺഗ്രസ് നയിച്ച പ്രക്ഷോഭത്തിന്റെ ശോഭ ചോർന്നുപോയെന്ന അഭിപ്രായം ഇന്ത്യസഖ്യത്തിനകത്തുതന്നെ പലർക്കുമുണ്ട്.
രാഷ്ട്രീയവിശാലത
സി.ജെ.പി.യാണ് സമരം പ്രഖ്യാപിച്ചതെങ്കിലും സമരക്കളത്തിൽ ശനിയാഴ്ച നിറഞ്ഞുനിന്നത് ഇടതുപാർട്ടികളാണ്. അഭിജീത് ദീപ്കെയെയും ധ്രുവ് റാഠിയെയുംപോലെ രാജ്യാന്തരതലത്തിൽത്തന്നെ അറിയപ്പെടുന്ന സമരനേതാക്കളുടെ പ്രഭ ഏറ്റെടുത്ത് മുന്നോട്ടുനീങ്ങാനായത് ഇടതുപക്ഷത്തിന് കൂടുതൽ രാഷ്ട്രീയശ്രദ്ധ നേടിക്കൊടുക്കുമെന്നുറപ്പാണ്. ദേശീയതലത്തിൽ പൊതുവിഷയത്തിൽ കോൺഗ്രസിനോടൊപ്പവും ഒരു രാഷ്ട്രീയരൂപമേ കൈവരിക്കാത്ത കോക്രോച്ച് പാർട്ടിയോടൊപ്പവും ഒരേസമയം സമരവേദിപങ്കിടാനുള്ള രാഷ്ട്രീയവിശാലതയാണ് സി.പി.എം. പ്രകടിപ്പിച്ചത്. എന്നാൽ, ഈയൊരു സങ്കീർണഘട്ടത്തിൽപ്പോലും അത്രകണ്ട് രാഷ്ട്രീയവിശാലത തങ്ങൾക്കില്ലെന്ന് കോൺഗ്രസ് പറയാതെ പറയുകയാണ്.
ഇപ്പോഴത്തെ സമരങ്ങളിലൂടെ ലഭിക്കുന്ന രാഷ്ട്രീയോർജത്തിന്റെ ആത്യന്തിക ഗുണഭോക്താക്കളാകേണ്ടത് മുഖ്യ പ്രതിപക്ഷകക്ഷിയെന്നനിലയിൽ കോൺഗ്രസ്‌തന്നെയാകുമ്പോൾ ഇങ്ങനെയൊരു രാഷ്ട്രീയസങ്കുചിതത്വം ഗുണമാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. രാജ്യതലസ്ഥാനത്തെ പോലീസും കേന്ദ്രസർക്കാരും വരിഞ്ഞുമുറുക്കിയപ്പോൾ മുഖ്യ പ്രതിപക്ഷകക്ഷി എവിടെയെന്ന ചോദ്യവും കോൺഗ്രസിന് അലോസരമുണ്ടാക്കിയേക്കാം.
Content Highlights: Congress stayed away from the Cockroach Janata Party (CJP) led 'Gen Z' protest at Jantar Mantar in Delhi. Other INDIA alliance constituents, including CPM, CPI, CPI(ML), and Trinamool Congress, supported and participated in the protest. Political analysts view Congress's distance from the protest as a strategic mistake that leaves space for the Left. Prominent activist leaders like Abhijit Dipke and Dhruv Rathee gained significant attention during the agitation. Criticism mounted against Congress leadership for failing to show political breadth during a crucial national protest.