പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കാനാവശ്യപ്പെടാന്‍ പ്രതിപക്ഷം

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അമിത് ഷാ, രാജ്‌നാഥ് സിങ്, പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അമിത് ഷാ, രാജ്‌നാഥ് സിങ്, പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടാനൊരുങ്ങി കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും. ആക്രമണം സംബന്ധിച്ച് വിശദീകരണവും സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതാന്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളെ സമീപിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ എക്‌സ്പ്രസാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസാണ് കത്തയക്കുക. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഇതിനോടകം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ഞായറാഴ്ച വൈകീട്ടോ തിങ്കളാഴ്ചയോ കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാനാവശ്യപ്പെട്ടുള്ള കത്ത് കൈമാറും.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നടപടികളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ ഏതൊരു നടപടിയെയും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള പ്രതിപക്ഷ ആവശ്യവും പ്രധാന്യമര്‍ഹിക്കുന്നുണ്ട്.

അതേ സമയം സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാക്കാള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചോദ്യങ്ങളുന്നയിച്ചിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിന് സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും.

സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചതായാണ് വിവരം. എവിടെയോ വീഴ്ച സംഭവിച്ചു. അത് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച നേതാവ് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍വ്വകക്ഷി യോഗത്തില്‍ തന്നെ പ്രത്യേക പാര്‍ലമെന്റ് ചേരാന്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മുസ്‌ലിം ലീഗ് രാജ്യസഭാ എംപിയായ ഹാരിസ് ബീരാനാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. 

ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ എന്‍ഐഎ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ സംഭവ സ്ഥലത്തെത്തിയ എന്‍ഐഎ സംഘം തെളിവുകളും ശേഖരിച്ചു വരികയാണ്. ഒരു ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സംഘങ്ങളാണ് പഹല്‍ഗാമിലുള്ളതെന്ന് എന്‍ഐഎ അറിയിച്ചു. ഫോറന്‍സിക് സംഘത്തിന്റെയടക്കം സഹായവും ഇവര്‍ക്കുണ്ട്.

Content Highlights: Opposition parties, Congress, demand a special Parliament session to discuss the pahalgam attack