നൈപുണ്യവികസന പദ്ധതിയിൽ കോടികളുടെ അഴിമതി, കേന്ദ്രത്തിനെതിരെ ആരോപണവുമായി കോൺഗ്രസ്

Representational Image | Photo: Ai Generated
Representational Image | Photo: Ai Generated

ന്യൂഡൽഹി: പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) പ്രകാരം ഫണ്ട് വിതരണം ചെയ്തതിൽ ആയിരക്കണക്കിന് കോടിയുടെ അഴിമതി നടന്നതായി കോൺഗ്രസ്. ഇതേക്കുറിച്ച് നിഷ്‌പക്ഷ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ പദ്ധതിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലാണ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നത്.

പിഎംകെവിവൈ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് വ്യക്തമാക്കുന്നതായി കോൺഗ്രസ് നേതാവും വക്താവുമായ കണ്ണൻ ഗോപിനാഥൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. നൈപുണ്യ വികസനമല്ല മറിച്ച് നൈപുണ്യ കുംഭകോണമാണ് നടന്നത്. നികുതിദായകരുടെയും യുവാക്കളുടെയും പണമാണ് തട്ടിപ്പിലൂടെ വകമാറ്റി അഴിമതി നടത്തിയത്.

ദേശീയ നൈപുണ്യവികസന പദ്ധതി മോദിസർക്കാർ പേരുമാറ്റി പിഎംകെവിവൈ പദ്ധതിയാക്കി. ഏഴുവർഷം കൊണ്ട് 10,000 കോടിയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. ഇതിൽ 94.53 ശതമാനം ഗുണഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണ്. 96 ശതമാനം മൊബൈൽ നമ്പറുകളും വ്യാജം. പരിശോധകരുടെ വിവരങ്ങൾ 97 ശതമാനവും വ്യാജമാണെന്നും സിഎജി കണ്ടെത്തി. പരിശീലനപരിപാടികളിലെ 61 ലക്ഷം പരിശീലകരെക്കുറിച്ചുള്ള വിവരങ്ങളും അപൂർണമാണ്. പരിശീലനം പൂർത്തിയാക്കിയ ഒരു കോടി പേരിൽ ഭൂരിപക്ഷത്തിന്റെയും മൊബൈൽ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും സമാനമാണ്. പ്ലേസ്‌മെന്റ് നൽകുന്നതിലും വലിയ തട്ടിപ്പ് നടന്നു. പ്ലേസ്‌മെന്റ് നൽകിയെന്ന് പറയുന്ന കേരളത്തിലെ ഒരു കമ്പനി അത് നൽകിയിട്ടില്ലെന്ന് വ്യക്തമായി.

ഒൻപതാംക്ലാസിൽതാഴെയുള്ള വിദ്യാഭ്യാസം ആവശ്യമുള്ള 60,68,523 ഉദ്യോഗാർഥികളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 6,77,807 ( 11.7 ശതമാനം) പേരുടെ വിവരങ്ങൾ കാണാനില്ല. 8,09 ,046 (13.33 ) ശതമാനം ഉദ്യോഗാർഥികൾക്ക് മിനിമം വിദ്യാഭ്യാസയോഗ്യതയില്ല. പ്രാഥമിക സാങ്കേതിക വിദ്യാഭ്യാസം ആവശ്യമുള്ള മേഖലകളിലേക്ക് തിരഞ്ഞെടുത്തതായി പറയുന്ന 1,23,533 പേരിൽ 1,05,493 (85.40 ശതമാനം) പേർക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമാണുള്ളത്. പരിശീലനം കൊടുത്തതിന്റെ പേരിൽ വലിയ തുക കൈപ്പറ്റിയ സ്ഥാപനങ്ങളിൽ പലതും നിലവിൽ പ്രവർത്തിക്കാത്തവ. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ കോൺഗ്രസ് ഇക്കാര്യം അതിശക്തമായി ഉന്നയിക്കുമെന്നും നിഷ്‌പക്ഷ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

Content Highlights: The Congress party, citing a CAG report, has alleged a massive corruption scandal in the Pradhan Mantri Kaushal Vikas Yojana (PMKVY) between 2015-2022