'ബിഹാറിൽ 1050 ഏക്കര്‍ അദാനിക്ക് BJP-യുടെ സമ്മാനം'; തിരഞ്ഞെടുപ്പ് തോൽവി മുന്നിൽക്കണ്ടെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് ഊര്‍ജനിലയം സ്ഥാപിക്കാന്‍ ബിഹാറിലെ ഭഗല്‍പുരില്‍ കേന്ദ്രസര്‍ക്കാര്‍ 1050 ഏക്കര്‍ ഭൂമി 'സമ്മാനമായി' കൊടുക്കാനൊരുങ്ങുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ആസന്നമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ബിജെപി ഇങ്ങനെ ചെയ്യുന്നതെന്നും കോണ്‍ഗ്രസിന്റെ മാധ്യമ-പ്രചാരണവിഭാഗം മേധാവി പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് തോന്നുമ്പോഴെല്ലാം, മുന്നേകൂട്ടി ഗൗതം അദാനിക്ക് ബിജെപി 'സമ്മാനങ്ങള്‍' നല്‍കാറുണ്ടെന്നും ഖേര പറഞ്ഞു.
ബിഹാറിലെ ഭഗല്‍പുരിലെ പിര്‍പൈംതിയില്‍, ഗൗതം അദാനിക്ക് ഊര്‍ജനിലയം സ്ഥാപിക്കാന്‍ 10 ലക്ഷം മരങ്ങളും 1050 ഏക്കര്‍ ഭൂമിയും പ്രതിവര്‍ഷം ഒരു രൂപാ നിരക്കില്‍ 33 വര്‍ഷത്തേക്ക് കൊടുക്കാന്‍ ഒരുങ്ങുകയാണ് മോദി സർക്കാരെന്ന് പവൻ ഖേര ആരോപിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗല്‍പുര്‍ സന്ദര്‍ശിക്കുമ്പോള്‍, ഗ്രാമവാസികള്‍ പ്രതിഷേധിക്കാതിരിക്കാന്‍ അവരെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടന്നപ്പോള്‍, അതിന് തൊട്ടുമുന്‍പായി ഒരു ഊര്‍ജപദ്ധതിയും ധാരാവി പദ്ധതിയും അദാനിക്ക് നല്‍കി. സമാനമായി, ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അദാനിക്ക് പദ്ധതികള്‍ നല്‍കി. ഇതൊരു നീണ്ട പട്ടികയാണ്. തിരഞ്ഞെടുപ്പു തോല്‍ക്കുമെന്ന് തോന്നുമ്പോഴെല്ലാം അതിന് മുന്നോടിയായി ഗൗതം അദാനികള്‍ക്ക് സമ്മാനം നല്‍കും, ഖേര പറഞ്ഞു.
2,400 മെഗാവാട്ടിന്റെ 21,400 കോടിരൂപയുടെ പദ്ധതിയാണ് വരാന്‍ പോകുന്നത്. ബജറ്റില്‍ ഇതേക്കുറിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍, അന്ന് പറഞ്ഞത് സര്‍ക്കാര്‍ തന്നെ ഇത് നിര്‍മിക്കുമെന്നായിരുന്നു. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ പിന്‍വാങ്ങുകയും പദ്ധതി ഗൗതം അദാനിക്ക് കൈമാറുകയും ചെയ്‌തെന്ന് പവന്‍ ഖേര ആരോപിച്ചു. ബിഹാറിന്റെ മണ്ണില്‍, സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച്, അവിടുത്തെ കല്‍ക്കരിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ബിഹാറിലെ ജനങ്ങള്‍ക്ക് യൂണിറ്റിന് ആറുരൂപ നിരക്കില്‍ വില്‍ക്കും. ഇത് ഇരട്ടക്കൊള്ളയാണെന്നും ഖേര പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരോ ബിഹാര്‍ സര്‍ക്കാരോ അദാനി ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.
Content Highlights: congress alleges bjp giving 1050 acre land to adani group for power plant project in bihar