രാഹുലിന്റെ അപ്രതീക്ഷിത നീക്കം, കെജ്‌രിവാളിനെതിരെ തുറന്ന ആക്രമണം; ഇന്ത്യ സഖ്യത്തിന്റെ ഭാവി കരിനിഴലിൽ

#പ്രകാശൻ പുതിയേട്ടി
അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ഗാന്ധി | Photo: ANI
അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ഗാന്ധി | Photo: ANI

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിലും പ്രതിപക്ഷത്തിന്റെ ഭാവിയിലും കരിനിഴൽ വീഴ്ത്തി ഡൽഹിയിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി പോര്. ഇതുവരെ ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുന്നയിച്ചിരുന്നെങ്കിലും ദേശീയതലത്തിലുള്ള സഖ്യത്തെ മാനിച്ച് ദേശീയ നേതാക്കൾ ഇതിൽനിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ, സീലാംപുരിൽ തിങ്കളാഴ്ച നടന്ന ആദ്യറാലിയിൽ എ.എ.പി. കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. കെജ്‌രിവാളിനെ നേരിട്ട് അക്രമിക്കുന്നതിൽനിന്ന് വിട്ടുനിന്നിരുന്ന രാഹുലിന്റെ അപ്രതീക്ഷിത നീക്കം ഡൽഹിയിലെ രാഷ്ട്രീയ ഭൂമികയെ മാത്രമല്ല, ഇന്ത്യസഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെയും ബാധിക്കും.

ഹരിയാണയിലുൾപ്പെടെ എ.എ.പി.യുമായി സഖ്യമുണ്ടാക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർബന്ധിച്ച രാഹുലാണ് സാമൂഹികനീതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കെജ്‌രിവാളും ഒരുപോലാണെന്ന് ആരോപിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ഇന്ത്യ സഖ്യം നിലനിർത്തിയില്ലെങ്കിൽ പ്രതിപക്ഷം ഇല്ലാതാവുമെന്നും പ്രതിപക്ഷത്തെ ബി.ജെ.പി. നിഷ്‌കാസനം ചെയ്യുമെന്നും ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നൽകി. പിന്നാക്ക-ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യ സംവരണത്തിന് കെജ്‌രിവാൾ എതിരാണെന്നും മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങളാണ് അദ്ദേഹം നൽകുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ സംവരണം ഒരിക്കൽക്കിട്ടിയവർക്ക് വീണ്ടും നൽകരുതെന്ന് കെജ്‌രിവാൾ പറയുന്ന പഴയ വീഡിയോയും കോൺഗ്രസ് പുറത്തിറക്കി.

ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും രാഹുലിന്റെ പോരാട്ടം കോൺഗ്രസിനെ രക്ഷിക്കാനാണെന്നും തന്റേത് രാജ്യത്തെ സംരക്ഷിക്കാനാണെന്നുമാണ് കെജ്‌രിവാൾ മറുപടി പറഞ്ഞത്. രാഹുലിനെതിരേ സഞ്ജയ് സിങ് അടക്കമുള്ള എ.എ.പി. നേതാക്കളും രംഗത്തുവന്നു. കോൺഗ്രസും എ.എ.പി.യും തമ്മിൽത്തല്ലുന്നതിനിടയിൽ മറ്റ് ഇന്ത്യപാർട്ടി നേതാക്കളും പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നത് സഖ്യത്തെ ഉലയ്ക്കുകയാണ്. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി, ശിവസേന ഉദ്ധവ് വിഭാഗം, ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് തുടങ്ങിയവയെല്ലാം ഡൽഹി വിഷയത്തിൽ മുഖ്യകക്ഷിയായ കോൺഗ്രസിനെതിരാണെന്നതും ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാവിവെല്ലുവിളിയാണ്.

അതിഷി പത്രിക നൽകി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി അതിഷി കൽക്കാജി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച പത്രിക നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ആം ആദ്മി പാർട്ടിയുടെ റോഡ് ഷോ വൈകിയതോടെ പത്രികാസമർപ്പണം മാറ്റുകയായിരുന്നു. ബി.ജെ.പി.യുടെ രമേഷ് ബിധൂരിയും കോൺഗ്രസിന്റെ അൽക്ക ലാംബയുമാണ് പ്രധാന എതിർ സ്ഥാനാർഥികൾ.

അതിഷി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; കേസ്

ന്യൂഡൽഹി: മുഖ്യമന്ത്രി അതിഷി തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെപേരിൽ ഡൽഹി പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ വാഹനം ഉപയോഗിച്ചെന്നാണ് പരാതി. ബി.ജെ.പി. നേതാവിന്റെ പരാതിയിൽ ഗോവിന്ദ് പുരി പോലീസാണ് കേസെടുത്തത്.

ജനുവരി ഏഴിന്‌ നടന്ന പ്രചാരണത്തിൽ ഔദ്യോഗികവാഹനം ഉപയോഗിച്ചെന്നു കാട്ടി റിട്ടേണിങ് ഓഫീസർ അതിഷിക്കെതിരേയായിരുന്നു ആദ്യം പരാതി നൽകിയിരുന്നത്. എന്നാൽ, അന്വേഷണത്തിൽ ഉദ്യോഗസ്ഥനാണ് വീഴ്ചവരുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. അതിഷി ധാർമികതയുടെപേരിൽ നാമനിർദേശപത്രിക പിൻവലിക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

Content Highlights: Rahul Gandhi`s attack on Kejriwal fuels Congress-AAP fight in Delhi, threatening the INDIA alliance`