ഓപ്പറേഷന്‍ സിന്ദൂറിനിടെ ആണവായുധ ശ്രമങ്ങളുണ്ടായില്ല; വിശദീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം പരമ്പരാഗത ശൈലിയിലുള്ളവയായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സംഘര്‍ഷത്തിനിടയില്‍ ആണവായുധവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയില്‍ ഓപ്പറേഷന്‍ സിന്ദൂറടക്കമുള്ള വിഷയങ്ങള്‍ വിശദീകരിക്കവേയാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇന്ത്യ പാകിസ്താന്‍ ആണവായുധ കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സൈനിക വൃത്തങ്ങള്‍ തുടക്കത്തിലെ തള്ളിക്കളഞ്ഞുവെങ്കിലും സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിഷയം യോഗത്തില്‍ ഉയര്‍ന്നുവന്നത്. ഇന്ത്യ ആക്രമിച്ചാല്‍ ആണവായുധമുള്‍പ്പെടെ പ്രയോഗിക്കുമെന്ന് പാകിസ്താന്‍ പലപ്പോഴായി ഭീഷണി മുഴക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ആണവ സൂചനകളൊന്നും സംഘര്‍ഷത്തിലുണ്ടായില്ല എന്ന് വിക്രം മിസ്രി വിശദമാക്കിയത്.
നാല് ദിവസത്തെ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ പങ്ക് സംബന്ധിച്ച് പാനല്‍ അംഗങ്ങള്‍ ആവര്‍ത്തിച്ചുള്ള വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍, വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത് ഇരു രാജ്യങ്ങളും തമ്മിലാണെന്ന് വിക്രം മിസ്രി ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മാര്‍ തമ്മിലാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്നും അത് മെയ് 10 ന് നടപ്പിലായെന്നും വിക്രം മിസ്രി വിശദീകരിച്ചു.
പാകിസ്താന്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ചത് ഒരു പ്രശ്‌നമല്ലെന്നും, പാകിസ്താന്റെ പ്രകോപനപരമായ ശ്രമങ്ങള്‍ക്ക് മറുപടിയായി അയല്‍രാജ്യത്തിന്റെ വ്യോമതാവളങ്ങളെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും പൊതുജനങ്ങളേയും ലക്ഷ്യമിടാന്‍ ശ്രമിച്ചപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ സമിതി യോഗത്തില്‍ തൃണമൂല്‍ അംഗം അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസിന്റെ രാജീവ് ശുക്ല, ദീപേന്ദര്‍ ഹൂഡ, എഐംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, ബിജെപി അംഗം അപരാജിത സാരംഗി, അരുണ്‍ ഗോവില്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Foreign secretary Vikram Misri briefed the parliamentary panel on conflict with Pakistan