ആഗ്രഹംപോലെ പ്രിയപ്പെട്ട റിസോർട്ടിൽ സി.ജെ. റോയിക്ക് അന്ത്യനിദ്ര, കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയി അന്ത്യനിദ്രയ്ക്കായി തിരഞ്ഞെടുത്ത സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായത്. റോയിയുടെ അഭിലാഷപ്രകാരം കുടുംബാംഗങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.
ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാൻ ബന്നാർഘട്ടയിലെത്തിയത്. ഭാര്യ, സഹോദരൻ, മക്കൾ ഉൾപ്പെടെ അന്ത്യചുംബനം നൽകി യാത്രയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ റിസോർട്ടിൽ പൊതുദർശനമുണ്ടായിരുന്നു. 2.30-ന് കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി. പിന്നാലെ റിസോർട്ടിലേക്കെത്തിച്ച് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. മരണം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപംനൽകിയിട്ടുണ്ട്.
Content Highlights: Confident Group Chairman C.J. Roy's Final Rites Held at Bengaluru Resort