തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അടിയന്തരാവസ്ഥയ്‌ക്കെതിരെ സ്പീക്കറുടെ പ്രമേയം, അസാധാരണ നീക്കം

ഓം ബിര്‍ള |ഫോട്ടോ:PTI
ഓം ബിര്‍ള |ഫോട്ടോ:PTI

ന്യൂഡല്‍ഹി: സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്‌സഭയില്‍ ഓം ബിര്‍ള നടത്തിയ പ്രസംഗം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.'അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളുടെ' 50-ാം വാര്‍ഷികം പ്രമാണിച്ച്‌ അദ്ദേഹം അംഗങ്ങളോട് രണ്ട് മിനിറ്റ് നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതാണ്‌ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ടി വന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടം എന്നാണ് 1975-ലെ അടിയന്തരാവസ്ഥയെ സ്പീക്കര്‍ വിശേഷിപ്പിച്ചത്. ഇന്ദിര ഗാന്ധിയെയും സ്പീക്കര്‍ വിമര്‍ശിച്ചു.

ബഹുമാനപ്പെട്ട സ്പീക്കര്‍ അടിയന്തരാവസ്ഥയെ ശക്തമായി അപലപിച്ചതിലും അക്കാലത്ത് ചെയ്ത അതിക്രമങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിലും ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ച രീതി പരാമര്‍ശിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ആ ദിവസങ്ങളില്‍ ദുരിതമനുഭവിച്ച എല്ലാവര്‍ക്കുമായി മൗനമായി നില്‍ക്കുക എന്നത് ഒരു അത്ഭുതകരമായ നടപടിയായിരുന്നു.

50 വര്‍ഷം മുമ്പാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്, എന്നാല്‍ ഇന്നത്തെ യുവാക്കള്‍ അതിനെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്, കാരണം ഭരണഘടനയെ ചവിട്ടിമെതിക്കുമ്പോഴും പൊതുജനാഭിപ്രായം ഞെരുക്കുമ്പോഴും സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടുമ്പോഴും എന്ത് സംഭവിക്കും എന്നതിന്റെ ഉചിതമായ ഉദാഹരണമായി ഇത് അവശേഷിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ സംഭവങ്ങള്‍ സ്വേച്ഛാധിപത്യം എങ്ങനെയായിരിക്കും എന്നതിന് ഉദാഹരണമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
 

Content Highlights: Commotion in Lok Sabha as Om Birla slams Indira Gandhi on Emergency of 1975