വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില വർധിച്ചു; വിമാന ഇന്ധന വില റെക്കോർഡിൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന് ബുധനാഴ്ച 195.50 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികൾ ഓരോ മാസവും ഒന്നാം തീയതി വില പരിഷ്കരിക്കാറുണ്ട്.
വിമാന ഇന്ധനമായ എ.ടി.എഫിന്റെ വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഡൽഹിയിൽ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വർധിച്ചു. നേരത്തെ 2022-ൽ റഷ്യ-യുക്രൈൻ യുദ്ധകാലത്തുണ്ടായ 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന നിരക്ക്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാണിജ്യ എൽ.പി.ജി വിലയിലും സമാനമായ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് ശേഷം ഇത് മൂന്നാം തവണയും ഈ വർഷം ഇത് അഞ്ചാം തവണയുമാണ് വാണിജ്യ സിലിണ്ടറിന് വില വർധിപ്പിക്കുന്നത്.
പ്രീമിയം ഇന്ധനങ്ങൾക്കും വലിയ രീതിയിൽ വില വർധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിലിന്റെ എക്സ്.പി 100 (XP100) പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർത്തി. കൂടാതെ പ്രീമിയം ഡീസലായ എക്സ്ട്രാ ഗ്രീനിന്റെ (Xtra Green) വില ലിറ്ററിന് 92.99 രൂപയായും വർധിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയവും നേരത്തെ തങ്ങളുടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപ വർധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഊർജ്ജ വിതരണ ശൃംഖലയെ ബാധിച്ചതാണ് ഈ വൻ വിലക്കയറ്റത്തിന് പ്രധാന കാരണം. ആഗോള എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തിന്റെ വർധനവാണ് ഇക്കാലയളവിൽ ഉണ്ടായത്. യുഎസ്-ഇറാൻ സംഘർഷം മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടവും ലോജിസ്റ്റിക്സ് ചിലവുകളിലെ വർധനവും എണ്ണക്കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതായി കരുതപ്പെടുന്നു. ആഗോളതലത്തിലെ ഈ അസ്ഥിരത വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്.
Content Highlights: Commercial LPG prices rose by Rs 195.50 amid global oil supply disruptions. Check the latest rates for LPG, premium petrol, and jet fuel here.