ദുരന്തം വിതച്ച ചുമമരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ക്ക് ഓരോ കുപ്പിക്കും 10% കമ്മീഷന്‍; അപകടം മനസിലാക്കിയിട്ടും മരുന്നെഴുത്ത് തുടര്‍ന്നു

ഡോ. പ്രവീൺ സോണി | Photo Courtesy: x.com/nostayug
ഡോ. പ്രവീൺ സോണി | Photo Courtesy: x.com/nostayug

ഭോപാല്‍: ചുമമരുന്ന് ദുരന്തത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ക്ക് ഓരോ കുപ്പി മരുന്നിനും കൃത്യമായ കമ്മീഷന്‍ ലഭിച്ചിരുന്നതായി പോലീസ്. ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. പ്രവീണ്‍ സോണിയാണ് ചോദ്യംചെയ്യലില്‍ തന്റെ കമ്മീഷനെക്കുറിച്ച് വെളിപ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ ശ്രേസന്‍ ഫാര്‍മ നിര്‍മിച്ച 'കോള്‍ഡ്രിഫ്' ചുമമരുന്ന് കഴിച്ച് മധ്യപ്രദേശില്‍ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് കുട്ടികള്‍ക്ക് ഈ ചുമമരുന്ന് നിര്‍ദേശിച്ച ഡോ. പ്രവീണ്‍ സോണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശേസ്രന്‍ ഫാര്‍മയുടെ ഉടമ രംഗനാഥനെ തമിഴ്‌നാട്ടില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു.

ഒരു കുപ്പി ചുമമരുന്ന് വിറ്റാല്‍ അതിന്റെ വിലയുടെ പത്തു ശതമാനമാണ് തന്റെ കമ്മീഷനെന്ന് ഡോക്ടര്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. 24.54 രൂപയായിരുന്നു 'കോള്‍ഡ്രിഫ്' ചുമമരുന്നിന്റെ വില. അതിനാല്‍ ഓരോ കുപ്പി മരുന്നിനും 2.54 രൂപ വച്ച് ഡോക്ടര്‍ക്ക് ലഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. വന്‍തുകയാണ് കമ്മീഷന്‍ ഇനത്തില്‍ ഡോക്ടര്‍ക്ക് കിട്ടിയിരുന്നതെന്നും പോലീസ് പറഞ്ഞു.

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധനാണ് ഡോ. പ്രവീണ്‍ സോണി. എന്നാല്‍, തന്റെ സ്വകാര്യ പ്രാക്ടീസിനിടെയാണ് ഇയാള്‍ 'കോള്‍ഡ്രിഫ്' ചുമമരുന്ന് കുട്ടികള്‍ക്കായി നിര്‍ദേശിച്ചിരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന 'ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍' എന്ന പദാര്‍ഥം അടങ്ങിയതായിരുന്നു 'കോള്‍ഡ്രിഫ്' ചുമമരുന്ന്. അപകടസാധ്യത മനസിലാക്കിയിട്ടും ഡോ. പ്രവീണ്‍ സോണി കുട്ടികള്‍ക്ക് ഈ മരുന്ന് നിര്‍ദേശിക്കുന്നത് തുടര്‍ന്നെന്നും പോലീസ് പറഞ്ഞിരുന്നു.

പ്രവീണ്‍ സോണിയുടെ ഭാര്യയുടെയും ബന്ധുവിന്റെയും പേരിലുള്ള മെഡിക്കല്‍ സ്റ്റോര്‍ വഴിയാണ് ഈ മരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതേസമയം, ഡോ. പ്രവീണ്‍ സോണി, ശ്രേസന്‍ ഫാര്‍മസി ഉടമ രംഗനാഥന്‍ എന്നിവര്‍ മാത്രമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ശ്രേസന്‍ ഫാര്‍മ പൂട്ടി; ഏഴിടങ്ങളില്‍ ഇഡി പരിശോധന

ചെന്നൈ: ചുമമരുന്ന് ദുരന്തത്തിന് കാരണമായ ശ്രേസന്‍ ഫാര്‍മസിയുടെ ഏഴ് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. കമ്പനി ഉടമയുടെ ഒരു വീട്ടിലും സോണല്‍ ഓഫീസുകളിലുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഇഡി പരിശോധന നടത്തിയത്. ഹാനികരമായ ചേരുവകളാല്‍ നിര്‍മിച്ച മരുന്നുപയോഗിച്ച് ഇരുപതിലധികം കുട്ടികള്‍ മരിച്ചതിനു പിന്നാലെയാണ് നടപടി. തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളും പരിശോധിച്ചു.

ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മരുന്നിന്റെ നിര്‍മാണവും വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വരുമാനവും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നിര്‍മാണ ലൈസന്‍സും തമിഴ്‌നാട് ആരോഗ്യവകുപ്പ് തിങ്കളാഴ്ച പൂര്‍ണമായും റദ്ദാക്കി. കമ്പനി പൂട്ടാനും ഉത്തരവിട്ടു. കാഞ്ചീപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്നുകമ്പനി 2011-ലാണ് ലൈസന്‍സ് നേടിയത്. ദേശീയ മരുന്ന് സുരക്ഷാനിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചിട്ടും കമ്പനിക്കെതിരെ നടപടിയുണ്ടായിരുന്നില്ല. മരുന്നുകമ്പനി ഉടമ രംഗനാഥനെ ഒന്‍പതിന് ചെന്നൈ പോലീസിന്റെ സഹായത്തോടെ മധ്യപ്രദേശില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇഡി അന്വേഷണം.

സാമ്പത്തിക ക്രമക്കേടുകള്‍, ഫണ്ട് വകമാറ്റല്‍, ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള രഹസ്യ ഇടപാടുകള്‍ എന്നിവ കണ്ടെത്തുകയാണ് റെയ്ഡിന്റെ ലക്ഷ്യം.

രംഗനാഥന്റെ ശൃംഖലയുമായി ബന്ധമുള്ള ഷെല്‍ കമ്പനികളിലൂടെയും ബിനാമി അക്കൗണ്ടുകളിലൂടെയും നിയമവിരുദ്ധമായ വരുമാനം വെളുപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ശ്രേസന്‍ മരുന്നുകമ്പനിയില്‍ നിര്‍മിച്ച കോള്‍ഡ്രിഫ് മരുന്നില്‍ ഡൈ എത്ലിന്‍ ഗ്ലൈക്കോള്‍ രാസവസ്തു വലിയ അളവില്‍ അടങ്ങിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Content Highlights: Police reveal doctor received commission per bottle for `Coldrif` cough syrup linked to over 20 child deaths in Madhya Pradesh due to toxic ingredient. Investigations expand.