ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച് പാറ്റകൾ വീണ്ടുമിറങ്ങുന്നു

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ പത്തിന് ജന്തർ മന്തർ മറ്റൊരു വിപ്ലവത്തിന് കേന്ദ്രമാകുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഗാന്ധിജയന്തി ദിനത്തിൽ ഗ്യാനേഷ് കുമാറിനെതിരേ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനത്തിൽ പ്രതിഷേധമലയടിച്ചതിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമാക്കാനുള്ള സിജെപി നീക്കം.
പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് ജന്തർ മന്തറിൽ ഒരു മാസം നീണ്ടുനിന്ന വമ്പൻ പ്രക്ഷോഭത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ താഴെയിറക്കിയതിന് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കുനേരെ പാറ്റകൾ തിരിഞ്ഞിരിക്കുന്നത്. വോട്ടർ പട്ടിക, എസ്ഐആർ ക്രമക്കേടുകൾ ആരോപിച്ചാണ് ഗ്യാനേഷ് കുമാറിന്റെ രാജി പ്രതിപക്ഷ പാർട്ടികളും സിജെപിയും ആവശ്യപ്പെടുന്നത്.
'ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ, ഒക്ടോബർ 10-ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാറ്റകൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയും ജന്തർമന്തറിൽ പ്രതിഷേധിക്കുകയും ചെയ്യും. ഡൽഹി പോലീസ് നമ്മെ തടയാൻ ശ്രമിച്ചാൽ, എവിടെ തടയുന്നുവോ അവിടം നമ്മുടെ ജന്തർമന്തർ ആയി മാറും'സിജെപി. സ്ഥാപകൻ അഭിജീത് ദീപ്‌കെ എക്‌സിലൂടെ അറിയിച്ചു.
സമാധാനപരമായ പ്രക്ഷോഭമായിരിക്കും. മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ നാം നടക്കും. സമാധാനപരമായ പ്രതിഷേധത്തിനുള്ള നമ്മുടെ അവകാശത്തെ അവർ മാനിക്കുമോ അതോ ജൂലായ് 20-ന് നാം കണ്ട ക്രൂരത ആവർത്തിക്കുമോ എന്നത് സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇത് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ആഗ്രഹിക്കുന്ന ഓരോ പൗരനും ഇതിൽ പങ്കുചേരണം' എന്നും ദീപ്‌കെ ആഹ്വാനം ചെയ്തു.
കഴിഞ്ഞദിവസം യുവജനസംഘടനകളും പ്രതിപക്ഷപാർട്ടികളും ആഹ്വാനംചെയ്ത പ്രതിഷേധത്തെ വരുതിയിലാക്കാൻ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഡൽഹി നഗരമാകെ ഉച്ചവരെ സ്തംഭിച്ചിരുന്നു.
ആളുകൾ സമരത്തിനെത്തുന്നതു തടയാൻ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളും അടച്ചിട്ടതോടെ പൊതുജനം വലഞ്ഞു. ജന്തർമന്തർ 2.0 സമരം തുടങ്ങിയിട്ടേയുള്ളൂവെന്നും ശനിയാഴ്ചയും പ്രതിഷേധിക്കുമെന്നും ഐസ പ്രസിഡന്റ് നേഹാ ബോറ പ്രഖ്യാപിച്ചു.
Content Highlights: Cockroach Janata Party (CJP) demands the resignation of Chief Election Commissioner Gyanesh Kumar over voter list and SIR irregularities., CJP founder Abhijit Dipke announced a nationwide march to Delhi's Jantar Mantar on October 10 if the CEC does not resign., The protest follows a massive opposition-backed demonstration held in the national capital on Gandhi Jayanti., Protest organizers emphasize that the agitation will remain peaceful following Gandhian principles.