‘രാജ്യമാണ് പ്രധാനം’; തിര. കമ്മിഷണറുടെ രാജിയാവശ്യപ്പെട്ടുള്ള 'ഇന്ത്യ' മുന്നണി റാലിക്ക് പിന്തുണയുമായി സിജെപി

#ന്യൂസ് ഡെസ്ക്
സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ, അശുതോഷ് റങ്ക | Photo: PTI
സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ, അശുതോഷ് റങ്ക | Photo: PTI

ന്യൂഡൽഹി: എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് നടക്കുന്ന ‘ഇന്ത്യാ’ മുന്നണിയുടെ റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പിന്തുണ പ്രഖ്യാപിച്ചു. എസ്.ഐ.ആർ. നടപടി ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. ജനങ്ങൾക്ക് അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. അല്ലാതെ സർക്കാരിന് വോട്ടർമാരെ തിരഞ്ഞെടുക്കലല്ലെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

‘രാജ്യമാണ് ഏറ്റവും പ്രധാനം!’ എന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ‘എക്സിൽ’കുറിക്കുകയും സംഘടനയുടെ ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു. എസ്‌.ഐ.ആറിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം  അട്ടിമറിക്കപ്പെട്ടതോടെ, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ വിശ്വാസ്യത ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സി.ജെ.പി പറഞ്ഞു. അതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന്റെ രാജി അത്യാവശ്യമാണെന്നും സി.ജെ.പി പ്രസ്താവനയിൽ അറിയിച്ചു.

ഓരോ അർഹനായ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാധ്യസ്ഥമാണെന്നും അത് വിനിയോഗിക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും സിജെപി ആവശ്യപ്പെട്ടു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്ന് സി.ജെ.പി. അറിയിച്ചു.

എന്നാൽ, റാലിയിൽ ദിപ്കെയോ സി.ജെ.പിയിലെ മറ്റ് നേതാക്കളോ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോൺഗ്രസിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) കാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിൽ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: The Cockroach Janata Party has extended its official support to the INDIA bloc's upcoming protest rally demanding the resignation of the Chief Election Commissioner over voter revision concerns.