ജനുവരി ഒന്ന് മുതല്‍ CNG, PNG വില കുറയും, രാജ്യത്തുടനീളം ബാധകം

#ന്യൂസ് ഡെസ്ക്
ഡല്‍ഹിയിലെ ഒരു സിഎൻജി പമ്പ്  | ഫോട്ടോ: സാബു സ്കറിയാച്ചൻ
ഡല്‍ഹിയിലെ ഒരു സിഎൻജി പമ്പ് | ഫോട്ടോ: സാബു സ്കറിയാച്ചൻ

ന്യൂഡൽഹി: 2026 ജനുവരി ഒന്ന് മുതൽ സിഎൻജിയുടെയും ഗാർഹിക പിഎൻജിയുടെയും വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോർഡ് (PNGRB) നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടർന്നാണിത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2-3 രൂപ ലാഭമുണ്ടാകും. സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ് ലഭ്യമാകുന്നത്. 

നിലവിൽ മൂന്നു സോണുകളായി തിരിച്ചിരുന്ന നികുതി ഘടന രണ്ടായി ചുരുക്കിയതിലൂടെ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. 2023-ൽ പ്രഖ്യാപിച്ച പഴയ സംവിധാനത്തിൽ ദൂരത്തെ അടിസ്ഥാനമാക്കി നികുതികളെ മൂന്ന് സോണുകളായി തിരിച്ചിരുന്നു- 200 കിലോമീറ്റർ വരെ 42 രൂപ, 300-1,200 കിലോമീറ്റർ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളിൽ 107 രൂപ ഇത്തരത്തിലായിരുന്നു നികുതി കണക്കായിരുന്നത്. ഇനിമുതൽ

ആദ്യത്തെ സോൺ സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ബാധകമാകുമെന്ന് പിഎൻജിആർബി അംഗം എ.കെ. തിവാരി വിശദീകരിച്ചു. സോൺ 1-നുള്ള പുതുക്കിയ ഏകീകൃതനിരക്ക് 54 രൂപയാണ്. ഇത് നേരത്തെയുള്ള 80 രൂപ,107 രൂപ നിരക്കുകളിൽനിന്ന് കുറവാണ്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന 40 നഗര വാതക വിതരണക്കമ്പനികൾ (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനീസ് - CGD) ഉൾക്കൊള്ളുന്ന 312 പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് പുതിയ നികുതി ഘടന പ്രയോജനപ്പെടും. ഗതാഗതത്തിനായി സിഎൻജി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും പാചകത്തിനായി പിഎൻജി ഉപയോഗിക്കുന്ന വീടുകൾക്കും ഇത് പ്രയോജനകരമാകുമെന്ന് തിവാരി വ്യക്തമാക്കി. സിഎൻജി, പിഎൻജി അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തെക്കുറിച്ച് സംസാരിക്കവേ, രാജ്യത്തുടനീളം ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സംയുക്ത സംരംഭങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഓപ്പറേറ്റർമാർ ഇതിൽ ഉൾപ്പെടുന്നുവെന്നും തിവാരി കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങളുമായുള്ള ഇടപെടലുകൾ സുഗമമാക്കുന്നതിലൂടെ പിഎൻജിആർബി വിതരണക്കമ്പനികളെ പിന്തുണയ്ക്കുന്നതായും ഇത് പല സംസ്ഥാനങ്ങളിലും മൂല്യവർധിത നികുതി (VAT) കുറയ്ക്കാനും അനുമതിയ്ക്കുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Get ready for cheaper CNG and domestic PNG! New tax reforms by PNGRB from Jan 1, 2026, will slash prices by ₹2-3 per unit nationwide. Save on fuel and cooking gas!