യമുനയില്‍ കുളിക്കാന്‍ ധൈര്യമുണ്ടോ?; കെജ്‌രിവാളിനേയും കൂട്ടരേയും വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യമുന നദിയിലെ മലിനീകരണം രാഷ്ട്രീയചര്‍ച്ചയാക്കി ഉയര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ധൈര്യമുണ്ടെങ്കില്‍ അരവിന്ദ് കെജ്‌രിവാളും എ.എ.പി. നേതാക്കളും യമുനാനദിയില്‍ കുളിച്ച് കാണിക്കണമെന്ന് ആദിത്യനാഥ് വെല്ലുവിളിച്ചു.
'മുഖ്യമന്ത്രിയെന്ന നിലയ്ക്ക് എനിക്കും എന്റെ മന്ത്രിമാര്‍ക്കും പ്രയ്ഗാരാജിലിറങ്ങി സ്‌നാനം ചെയ്യാന്‍ സാധിക്കും. എന്നാല്‍ കെജ്‌രിവാളിനും സംഘത്തിനും യമുനയില്‍ ഇത്തരത്തില്‍ ചെയ്യാന്‍ കഴിയുമോ' എന്നാണ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുജനറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചത്. ധാര്‍മിക ധൈര്യമുണ്ടെങ്കില്‍ കെജ്‌രിവാള്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യമുന ശുചീകരിക്കുമെന്ന എ.എ.പി.യുടെ വാഗ്ദാനങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു. യമുനാശുചീകരണം ആം ആദ്മി പാര്‍ട്ടിയുടെ പാഴായിപ്പോയ വാഗ്ദാനമാണ്. ഇതിന് പൊതുജനങ്ങള്‍ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല. ഇവര്‍(എഎപി) ഡല്‍ഹിയെ ഒരു മാലിന്യക്കൂമ്പാരമാക്കി മാറ്റി. ഈ ദിവസങ്ങളില്‍ കെജ്‌രിവാള്‍ ഡല്‍ഹിയെ കുറിച്ചാണ് ആവര്‍ത്തിച്ച് സംസാരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിനെ ഒരു മാതൃകയാക്കുകയാണ് ഡല്‍ഹിയായാണ് ജനങ്ങള്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരേയും രോഹിങ്ക്യകളേയും ഇവിടെ പാര്‍പ്പിച്ചിരിക്കുകയാണ് അവര്‍. എ.എ.പി നേതാക്കളുടെ വീട്ടിലുള്ള ആധാര്‍ കാര്‍ഡ് മെഷീന്‍ ഉപയോഗിച്ച് അവര്‍ക്ക് ആധാര്‍ കാര്‍ഡ് അച്ചടിച്ച് നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'നിങ്ങള്‍ ഡല്‍ഹിയിലേയും നോയിഡയിലേയും റോഡുകള്‍ നോക്കൂ, എന്നിട്ട് വ്യത്യാസം തിരിച്ചറിയൂ. പണ്ട് ഡല്‍ഹി മെട്രോയെകുറിച്ചും അടിസ്ഥാനസൗകര്യങ്ങളെ കുറിച്ചും വൃത്തിയെ കുറിച്ചും ആളുകള്‍ വാചാലരാകുമായിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ ഭരണകാലത്ത് റോഡിലാണോ കുഴി, കുഴിയിലാണോ റോഡ് എന്നുപോലും തിരിച്ചറിയാന്‍ കഴിയുന്നില്ല' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കിയത്. പത്ത് വര്‍ഷമായി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളുടെ ദുരവസ്ഥ മാറ്റാന്‍ പോലും ആദിത്യനാഥിന് കഴിഞ്ഞിട്ടില്ല. വേണമെങ്കില്‍ ഞങ്ങളുടെ വിദ്യാഭ്യാസമന്ത്രിയെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കയക്കാം. വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുതരാമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു.
Content Highlights: CM Yogi Throws Challenge to Arvind Kejriwal