തിരംഗമാർച്ച് ഇന്ന്, സി.ജെ.പി. യെ തടയാതെ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ജന്തർമന്തറിൽ കടന്ന് ദേശീയപതാക ഉയർത്തിയതിന് നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ആഹ്വാനംചെയ്ത തിരംഗമാർച്ച് വെള്ളിയാഴ്ച നടക്കും. കൊണാട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ വൈകീട്ട് അഞ്ചിന് ദേശീയപതാകയേന്തി ‘ലെഹ്റാ ദോ തിരംഗ’ എന്ന പ്രതിഷേധത്തിനാണ് ആഹ്വാനം. ഡൽഹിയിലെത്താൻ സാധിക്കുന്നില്ലെങ്കിൽ വെള്ളിയാഴ്ച വൈകുന്നേരം സ്വന്തം സ്ഥലങ്ങളിൽ തിരംഗറാലികൾ സംഘടിപ്പിക്കാൻ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ ആഹ്വാനംചെയ്തു.
സെൻട്രൽ പാർക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി.) അറിയിപ്പ് പുറത്തിറക്കി. സി.ജെ.പി. പ്രതിഷേധം തടയാൻ സാധ്യമായ എല്ലാ നടപടികളുമെടുക്കുമെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയിൽ ഉറപ്പുനൽകി. ഇതുകണക്കിലെടുത്ത് തിരംഗമാർച്ച് തടയാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വസുദേവ് സാംബ്രെ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
വ്യാപാരകേന്ദ്രമായ കൊണാട് പ്ലേസിൽ നവരാത്രി ഉത്സവകാലത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരേയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.പ്രതിഷേധം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ജന്തർമന്തറിനെ പ്രതിഷേധകേന്ദ്രമല്ലാതാക്കിയപ്പോൾ വേറെന്ത് പ്രതീക്ഷിച്ചെന്ന് കോടതി ചോദിച്ചു.
ചെറിയ സംഘത്തിന് അനുമതി
നിരോധനാജ്ഞ നിലവിലുള്ളതിനാൽ കൊണാട് പ്ലേസിൽ സംഘംചേരൽ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. വലിയ സംഘംചേരൽ അനുവദിക്കില്ലെങ്കിലും ഉചിതമായ സ്ഥലത്ത് ദേശീയപതാക വീശാനും ദേശീയഗാനം പാടാനും ചിലരെ അനുവദിക്കുന്നത് പരിഗണിക്കുമെന്നുമറിയിച്ചു. ദേശീയപതാക കൊണ്ടുനടക്കുമ്പോഴും ദേശീയഗാനം ആലപിക്കുമ്പോഴും ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിരിക്കണമെന്നും നിയമലംഘനമുണ്ടായാൽ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: CJP called for a Tiranga March at Central Park, Connaught Place., Delhi High Court refused to ban the protest despite police opposition