‘ടീം കെജ്‌രിവാളായി CJP മാറി’; സിജെപി-ഡിക്ക് രൂപം നൽകി പാർട്ടിവിട്ട പ്രവർത്തകൻ

#ന്യൂസ് ഡെസ്‌ക്
അഭിജീത് ദിപ്കെ, മനീഷ് ബ്രഹ്മഭട്ട് | Photo:PTI, ANI video screengrab
അഭിജീത് ദിപ്കെ, മനീഷ് ബ്രഹ്മഭട്ട് | Photo:PTI, ANI video screengrab

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി(CJP)യിൽ പിളർപ്പ്. പാർട്ടി വിട്ട മുൻ പ്രവർത്തകൻ മനീഷ് ബ്രഹ്‌മഭട്ട് കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (CJP-D)ക്ക് രൂപം നൽകി.

സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, പ്രതിഷേധത്തിൽ പങ്കെടുത്തവരെ തഴയുന്നെന്നും യുവജനങ്ങളുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തെ തിരഞ്ഞെടുക്കപ്പെട്ട ചിലർ മാത്രം ഉൾപ്പെട്ട ടീം കെജ്‌രിവാൾ ആക്കി മാറ്റിയെന്നും മനീഷ് ആരോപിച്ചു. മുൻപ് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടായിരുന്നവരാണ് സിജെപിയുടെ നേതൃനിരയിൽ ആധിപത്യം പുലർത്തുന്നത്. ബിജെപിയെ എതിർക്കുന്നതിൽ മാത്രമാണ് അവർക്ക് താൽപര്യം. സിജെപിയുടെ ടീമിലെ എട്ട് അംഗങ്ങൾക്ക് എഎപി ബന്ധമുണ്ടെന്നും മനീഷ് ആരോപിച്ചു.

ഓഗസ്റ്റ് മാസത്തിൽ സിജെപിയുടെ നേതൃയോഗം അഭിജീത് ദിപ്‌കെയുടെ വസതിയിൽ നടക്കുന്നെന്ന് അറിഞ്ഞ് ഗുജറാത്തിൽനിന്ന് ഛത്രപതി സാംഭാജിനഗറിലേക്ക് എത്തിച്ചേർന്നിരുന്നു. രാഹുൽ പാണ്ഡ്യ എന്നൊരു അനുയായിയും അന്ന് മനീഷിനൊപ്പമുണ്ടായിരുന്നു. ജന്തർ മന്തറിൽ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തവരെ യോഗത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ദിപ്‌കെയുടെ വീടിന് മുന്നിൽ ഇരുവരും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ ആരോഗ്യനില വഷളായതോടെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് സിജെപി പ്രവർത്തകൻ എന്നായിരുന്നു മനീഷ് മാധ്യമറിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടിരുന്നത്.

ഇക്കഴിഞ്ഞ മേയ് പതിനാറാം തീയതിയാണ് സിജെപി രൂപവത്കരിക്കപ്പെട്ടത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധം അതിശക്തമാവുകയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു.