'ഞങ്ങളുടെ സ്‌കൂളിൽ എല്ലാം ഭംഗിയായി നടക്കുന്നു' ; സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ തടഞ്ഞു

#ന്യൂസ് ഡെസ്ക്
സിജെപി പ്രവര്‍ത്തകരെ നോയിഡയില്‍ തടഞ്ഞപ്പോള്‍
സിജെപി പ്രവര്‍ത്തകരെ നോയിഡയില്‍ തടഞ്ഞപ്പോള്‍

നോയിഡ: സ്‌കൂളുകളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'സ്‌കൂൾ തിക്ക് കരോ' ക്യാമ്പയിനിടെ നോയിഡയിൽ സംഘർഷം. സിജെപി കോ-കൺവീനർ സൗരവ് ദാസിനെയും സംഘത്തെയും ഗ്രേറ്റർ നോയിഡിയിലെ ഒരു സർക്കാർ സ്‌കൂളിലേക്ക് പ്രവേശിക്കുന്നത് ഒരു വിഭാഗം നാട്ടുകാർ തടഞ്ഞു. ഇവിടുത്തെ സ്‌കൂളിൽ എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ചില നാട്ടുകാർ സിജെപി സംഘത്തെ തടഞ്ഞത്.

'ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്, ഞങ്ങളുടെ സ്‌കൂളുകളിലെല്ലാം കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. നിങ്ങൾക്ക് തിരിച്ചുപോകാം. പരാതി പറയുന്നവർക്ക് ഇതിൽ എന്തെങ്കിലും പ്രത്യേക താൽപ്പര്യമുണ്ടാകാം, അല്ലെങ്കിൽ അവർ പണം കൈപ്പറ്റിയിട്ടുണ്ടാകാം' നാട്ടുകാരിൽ ഒരാൾ സൗരവ് ദാസിനോട് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

എന്നാൽ തങ്ങളുടെ സന്ദർശനം ഭയന്ന് യുപി സർക്കാർ സ്‌കൂളുകൾ പൂട്ടിയിടുകയാണെന്ന് സൗരവ് ദാസ് ആരോപിച്ചു. ഉത്തർപ്രദേശ് സർക്കാർ തങ്ങളെ രഹസ്യമായി പിന്തുടരുകയാണെന്നും ആരോപിച്ച അദ്ദേഹം നമ്പർ പ്ലേറ്റില്ലാത്ത ഒരു വാഹനത്തിന്റെ ചിത്രവും എക്‌സിൽ പോസ്റ്റ് ചെയ്തു.

സിജെപി പ്രവർത്തകരെ സന്ദർശനത്തെ തുടർന്ന് പലയിടത്തും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഇതിന് പിന്നിൽ ബിജെപിയാണെന്നാണ് സിജെപിയുടെ ആരോപണം. യുപി, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സിജെപി സ്‌കൂൾ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Content Highlights: CJP's 'School Theek Karo' campaign faced stiff opposition and clashes in Greater Noida., Locals blocked CJP co-convener Sourav Das and his team from entering a government school., Locals claimed schools are functioning well and accused complainants of vested interests., Sourav Das alleged that the UP government is locking schools out of fear and tracking their team.