സിജെപിക്ക് വിദേശസഹായം ലഭിച്ചെന്ന ആരോപണം; വാദങ്ങൾ തള്ളി സൗരവ് ദാസ്, കേന്ദ്രമന്ത്രിക്ക് മറുപടി

#ന്യൂസ് ഡെസ്ക്
സി.ജെ.പി നേതാവ് സൗരവ് ദാസും സംഘവും | Photo: ANI
സി.ജെ.പി നേതാവ് സൗരവ് ദാസും സംഘവും | Photo: ANI

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് വിദേശസഹായമുണ്ടെന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ഡോ. ജിതേന്ദ്രസിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി സി.ജെ.പി. നേതാക്കൾ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.ജെ.പി. നേതാവ് സൗരവ് ദാസ് വ്യാഴാഴ്ച ഡൽഹിയിൽ പറഞ്ഞു. സി.ജെ.പി.യുടെ നേതൃത്വത്തിലുള്ള യുവജനപ്രക്ഷോഭത്തിനുപിന്നിൽ വിദേശസഹായമുണ്ടെന്നാണ് ചൊവ്വാഴ്ച മന്ത്രി ആക്ഷേപിച്ചത്.

ജൂലായിൽനടന്ന യുവജനപ്രക്ഷോഭം പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയ്ക്കൊപ്പം മധ്യസ്ഥചർച്ചകൾ നടത്തിയ മന്ത്രി ജിതേന്ദ്രസിങ് തന്നെ ആക്ഷേപവുമായി രംഗത്തുവന്നതിനെയാണ് സി.ജെ.പി. ചോദ്യംചെയ്തത്. ആക്ഷേപത്തിന് അടിസ്ഥാനമെന്താണെന്ന് സൗരവ് ദാസ് ചോദിച്ചു. സമരംനടന്ന് മൂന്നുനാല് മാസങ്ങൾക്കുശേഷവും വലതുപക്ഷകേന്ദ്രങ്ങൾ ഇതേ ആരോപണങ്ങൾ ആവർത്തിക്കുകയാണ്.

വിശ്വസനീയമായ ഒരു മുന്നേറ്റത്തെ പണം നൽകിയുള്ള പ്രചാരണത്തിലൂടെ അപകീർത്തിപ്പെടുത്താനാണ് നീക്കം. വലതുപക്ഷവിഭാഗവും തീവ്രനിലപാടുകാരും ഉയർത്തുന്ന ആരോപണങ്ങൾ ഒരു കേന്ദ്രമന്ത്രി ഏറ്റെടുത്തത് നാണക്കേടാണെന്നും സൗരവ് ദാസ് പറഞ്ഞു.

വിദേശപണമുണ്ടെങ്കിൽ എന്തിനാണ് പരിഹാരചർച്ചകളുടെ ഭാഗമായി ഹസ്തദാനത്തിന് ഈ മന്ത്രിമാർ വന്നതെന്ന് അശുതോഷ് റാങ്ക ചോദിച്ചു. ‘‘എന്തിനാണ് അനുരഞ്ജന ചർച്ചകൾ നടത്തിയത്. ഞങ്ങൾക്കൊപ്പമിരുന്ന് ചായയും പ്രഭാതഭക്ഷണവും പങ്കിട്ടതെന്തിനാണ്. ഈ രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ അവഗണിച്ച്, പഴയ ആരോപണങ്ങളിലേക്ക് മടങ്ങിപ്പോയിരിക്കയാണ്. എന്തിനാണ് ഗ്യാനേഷ് കുമാറിനെ ഈ സർക്കാർ സംരക്ഷിക്കുന്നതെന്നും സി.ജെ.പി. ചോദിച്ചു. ചോദ്യക്കടലാസ് ചോർന്നതെങ്ങനെയെന്ന ചോദ്യത്തിനും നിങ്ങൾക്ക് ഉത്തരമില്ല. ഈ രാജ്യത്ത് ഇത്രമാത്രം തൊഴിലില്ലായ്മ ഉണ്ടായതെങ്ങനെയെന്ന ചോദ്യത്തിനും മറുപടിയില്ല’’ -റാങ്ക കുറ്റപ്പെടുത്തി.

Content Highlights: CJP leaders Sourav Das and Ashutosh Ranka dismissed Union Minister Jitendra Singh's allegations of foreign funding for youth protests., CJP questioned the credibility of the minister's claims, pointing out that the same ministers previously engaged in reconciliation talks., The party criticized the government for diverting attention from real issues like unemployment and paper leaks.