‘ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരം’; വിവിധ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ സിജെപി

#ന്യൂസ് ഡെസ്ക്
കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം | Photo: REUTERS
കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം | Photo: REUTERS

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഡൽഹിയിൽ ശനിയാഴ്ച നടന്ന ഏകദിന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സമരത്തിൽ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് സംഘടനാ സ്ഥാപകൻ അഭിജിത് ദീപ്‌കെ ബുധനാഴ്ച എക്സിൽ വീഡിയോ പങ്കുവെച്ചു.

സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ പുണെ, ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് പുണെ സാവിത്രിഭായ് ഫുലെ സർവകലാശാലയിലെ ഡോ. ബാബാസാഹേബ് അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം ആരംഭിക്കുമെന്ന് അഭിജിത് ദീപ്‌കെ അറിയിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ സോനം വാങ്ചുക്കും പുണെയിലെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിലെ ആവർത്തിച്ചുള്ള വീഴ്ചകൾ ലക്ഷക്കണക്കിന് യുവാക്കളുടെയും കുടുംബങ്ങളുടെയും ഭാവി അപകടത്തിലാക്കിയെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി പദവി ഒഴിയണമെന്നുമാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം. ജൂൺ 20-നകം മന്ത്രി രാജി വെക്കുകയോ സർക്കാർ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ്  സി.ജെ.പിയുടെ നിലപാട്.

Content Highlights: CJP demands Education Minister's resignation due to NEET-UG paper leaks., Protests scheduled across major Indian cities including Pune and Delhi., Sonam Wangchuk to join the protest in Pune., Indefinite hunger strike planned at Jantar Mantar if demands are not met by June 20., NTA confirms preparations for the June 21 NEET-UG re-examination.