ഗ്യാനേഷിനെതിരേ പ്രക്ഷോഭം കടുക്കുന്നു: ഇന്നും ഡൽഹിയിൽ പ്രതിപക്ഷ സമരം; ബെംഗളൂരുവിൽ സിജെപിയുടെ ‘ജനകീയ കോടതി’

ബെംഗളൂരു: ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം കടുക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ച ഇന്നും ഡൽഹിയിൽ അരങ്ങേറുമെന്നാണ് റിപ്പോർട്ട്. സിജെപിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലും ഇന്ന് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പരിപാടിയിൽ നടൻ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി എന്നിവരും പങ്കെടുക്കുന്നുണ്ട്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ബുധനാഴ്ച ജന്തർ മന്തറിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടർന്നാണ് സമരം കൂടുതൽ വ്യാപിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചത്. പ്രതിഷേധത്തിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ സൻസദ് മാർഗ് റൗണ്ട് എബൗട്ടിന് ചുറ്റും പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ബെംഗളൂരു ഫ്രീഡം പാർക്കിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടികൾ. കർണാടകയിലുടനീളമുള്ള സിവിൽ സൊസൈറ്റി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രതീകാത്മക 'ജനകീയ കോടതി'യോടെ (പീപ്പിൾസ് ട്രിബ്യൂണൽ) പരിപാടികൾ ആരംഭിക്കും. പിന്നാലെ, വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'ചെരിപ്പ് സമരവും' നടക്കും. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർ ആശുതോഷ് റാങ്ക, വക്താവ് സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നടനും സാമൂഹികപ്രവർത്തകനുമായ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി എന്നിവർക്ക് പുറമെ വിവിധ യുവജന സംഘടനകളുടെയും സിവിൽ സൊസൈറ്റിയുടെയും പ്രതിനിധികളും ഫ്രീഡം പാർക്കിലെ പ്രതിഷേധത്തിൽ പങ്കെടുക്കും.
ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടമാണിതെന്നും സമരത്തിൽ പങ്കാളികളാകാൻ കൂട്ടമായി എത്തണമെന്നും പ്രകാശ് രാജ് കഴിഞ്ഞദിവസം തൻ്റെ സോഷ്യൽ മീഡിയയിലൂടെ പൗരന്മാരോട് അഭ്യർഥിച്ചിരുന്നു. സമരത്തിൽ താൻ നേരിട്ട് പങ്കെടുക്കുമെന്ന് ധ്രുവ് റാഠി എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി മൂന്ന് പ്രധാന ആവശ്യങ്ങളാണ് സി.ജെ.പി മുന്നോട്ടുവെക്കുന്നതെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുകയും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് എസ്‌ഐആർ നടപടികൾ ഉടൻ നിർത്തിവെക്കുക, എസ്‌ഐആർ വഴി ഒഴിവാക്കിയ എല്ലാ വോട്ടർമാരെയും തിരികെ ഉൾപ്പെടുത്തുകയും പുനഃപരിശോധനയ്ക്ക് മുമ്പുണ്ടായിരുന്ന പഴയ വോട്ടർപട്ടിക നിലനിർത്തുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനപ്രക്രിയ സ്വതന്ത്രവും നിഷ്പക്ഷവുമാക്കുക എന്നിവയാണ് ആവശ്യങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മാത്രം താല്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായി മാറരുതെന്ന് അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു.
ബെംഗളൂരുവിലെ സമരത്തിന് ശേഷം ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് 'ഡൽഹി ചലോ' എന്ന പേരിൽ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. എ.ഐ.എസ്.എ, എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ, എ.എസ്.എ.പി എന്നീ വിവിധ വിദ്യാർഥി സംഘടനകളുടെ സഹകരണത്തോടെയാണ് ഡൽഹിയിൽ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിൽനിന്ന് സിജെപി പ്രവർത്തകരെ തടയാൻ മഹാരാഷ്ട്ര പോലീസ് ഭീഷണിപ്പെടുത്തുന്നതായി അഭിജീത് ദിപ്കെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബർ 10-ലെ സിജെപിയുടെ പ്രക്ഷോഭത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി ഡൽഹിയിലെ കേന്ദ്ര സേനാംഗങ്ങളുടെ എണ്ണം 26,000 ആയി ഉയർത്തിയിട്ടുണ്ട്.
Content Highlights: CJP organized a People's Tribunal and Chappal protest in Bengaluru against the Election Commission and CEC Gyanesh Kumar., The party accused the EC of mass voter deletion affecting 13 million voters through the SIR process., Demands include the resignation of CEC Gyanesh Kumar, stopping SIR, and restoring deleted voters., A massive 'Delhi Chalo' march is scheduled for October 10 at Jantar Mantar with student unions.