സിജെപി സമരം: പ്രതിഷേധത്തിൽ നേരിട്ട് പങ്കാളികളായവരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നീക്കം

#ന്യൂസ് ഡെസ്‌ക്
സിജെപി പ്രതിഷേധത്തിൽനിന്ന് | Photo: PTI
സിജെപി പ്രതിഷേധത്തിൽനിന്ന് | Photo: PTI

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ നേരിട്ട് അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദ് ചെയ്യാൻ നീക്കം. ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിസിടിവി ദൃശ്യങ്ങൾ, വീഡിയോ റെക്കോഡിങ്ങുകൾ, മറ്റ് സാങ്കേതിക തെളിവുകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് പ്രതിഷേധത്തിനിടയിൽ അക്രമം നടത്തിയവരെ തിരിച്ചറിയുകയെന്നും അധികൃതർ വ്യക്തമാക്കി. അക്രമികൾക്കെതിരേ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പമാണ് പാസ്‌പോർട്ട് റദ്ദാക്കാൻ ആലോചിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച സിജെപി നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി കൈക്കൊള്ളാൻ നീക്കം നടക്കുന്നത്. പ്രതിഷേധക്കാർ പാർലമെന്റിന്റെ ചുറ്റുമുണ്ടായിരുന്ന ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പ്രതിഷേധക്കാർക്കും പോലീസുകാർക്കും പരിക്കേറ്റിരുന്നു.

Content Highlights: Delhi Police identifies rioters using CCTV and technical evidence., Potential cancellation of passports for individuals directly involved in violence., Follow-up actions after the CJP parliament march incident., Police used tear gas and lathi-charge to control the protest crowd.