സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് ക്രൂരതയിൽ പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണം- രാഹുൽ

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | ചിത്രം: പിടിഐ
രാഹുൽ ഗാന്ധി | ചിത്രം: പിടിഐ

ന്യൂഡൽഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയിൽ ഇരയാക്കപ്പെട്ട വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അറസ്റ്റ് ചെയ്തശേഷം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ തടവിൽ വെച്ച ഛത്രസൽ സ്‌റ്റേഡിയത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.

'ഇന്ത്യയിലെ വിദ്യാർഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ നേരിട്ടുള്ള സന്ദേശം' എന്ന ക്യാപ്ഷനോടെയാണ് രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തത്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ താൻ കണ്ടുവെന്നും വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞദിവസം വിദ്യാർഥികൾക്ക് എന്താണ് സംഭവിച്ചത് എന്നത് ചർച്ച ചെയ്യാൻ അനുവദിക്കേണ്ടത് പ്രധാനമാണെന്ന് താൻ സ്പീക്കറോട് പറഞ്ഞു. സർക്കാരിൽ നിന്ന് അനുമതി തേടണമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ സർക്കാരിന് ചർച്ചയിൽ ഒരു താത്പര്യവുമില്ലെന്ന കാര്യം തങ്ങൾക്ക് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വിദ്യാർഥികളുടെ പ്രശ്‌നവും അവർക്കെതിരെ എന്താണ് ചെയ്തതെന്നും ദേശീയശ്രദ്ധയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചത്. വിദ്യാർഥികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുത്തേ തീരൂ. കൂടാതെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുകയും വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

'എന്തുകൊണ്ടാണ് ഇന്ത്യൻ വിദ്യാഭ്യാസ രംഗം തകരുന്നത്? എന്തുകൊണ്ടാണ് ചോദ്യപ്പേപ്പറുകൾ ചോരുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിൽ വിദ്യാഭ്യാസം ഇത്ര ചെലവേറിയതായത്? കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി കുടുംബങ്ങൾ സാമ്പത്തികമായി സ്വയം തകരുന്നത് എന്തിനാണ്? ഇതെല്ലാം ന്യായമായ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾ ചോദിക്കുന്നതിൽ യാതൊരു തെറ്റുമില്ല.' -രാഹുൽ ഗാന്ധി പറഞ്ഞു.

'ഇന്നലെ എന്താണ് സംഭവിച്ചത്? എന്താണ് നിങ്ങളുടെ സർക്കാർ ചെയ്തത്? എന്താണ് നിങ്ങളുടെ ആഭ്യന്തര മന്ത്രി ചെയ്തത്? അതിനെല്ലാം നിങ്ങൾ രാജ്യത്തെ വിദ്യാർഥികളോട് ഉടൻ മാപ്പ് പറയണം. പരീക്ഷാ സമ്പ്രദായത്തേയും വിദ്യാഭ്യാസരംഗത്തേയും എത്രയും വേഗം നവീകരിക്കണം.' -പ്രധാനമന്ത്രി നരേന്ദ്രമോദിയോടായി രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlights: Leader of Opposition Rahul Gandhi demanded an immediate apology from PM Narendra Modi and the resignation of Home Minister Amit Shah following police action against students during the CJP protest in Delhi, urging Parliament discussions on paper leaks and education sector issues.