'ഒരുപാട് ദൂരം പോകാനുണ്ട്, ഇതൊരു തുടക്കംമാത്രം'; വീഡിയോ സന്ദേശവുമായി അഭിജിത്; പാറ്റകൾ ഇനിയെങ്ങോട്ട്?

#ന്യൂസ് ഡെസ്ക്
അഭിജിത് ദീപ്കെ | Photo: PTI
അഭിജിത് ദീപ്കെ | Photo: PTI

ന്യൂഡൽഹി: വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച് സിജെപി പ്രവർത്തകർ തിരികെ വീടുകളിലേക്ക് മടങ്ങി. കോക്രോച്ച് ജനതാ പാർട്ടിയുടെ അടുത്ത ലക്ഷ്യം എന്ത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സ്ഥാപിതമായി രണ്ട് മാസത്തിനുള്ളിൽത്തന്നെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രത്തിൽനിന്ന് നിറവേറ്റിയെടുത്ത് സമരം അവസാനിപ്പിച്ചെങ്കിലും പോരാട്ടം ഇനിയും തുടരുമെന്നാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കുന്നത്.

"എന്ത് ചെയ്യണമെന്നോ വൈകുന്നേരംവരെ എന്ത് സംഭവിക്കുമെന്നോ ആലോചിക്കാതെ എനിക്ക് എന്റെ കിടപ്പുമുറയിൽ ഉറങ്ങാനും ഉണരാനും സാധിക്കും", അഭിജിത് ദീപ്കെ പറഞ്ഞു. താൻ നടത്തിയ 37 ദിവസം നീണ്ട പ്രതിഷേധം തീർത്തും കഠിനമായിരുന്നെന്നും എന്നാൽ പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുംതന്നെ ഇല്ലായിരുന്നെന്നും അഭിജിത് എക്സിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഇത് ചെറിയൊരു തുടക്കം മാത്രമാണെന്നും കോക്രോച്ച് ജനതാ പാർട്ടിക്ക് ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം സാമൂഹിക മാധ്യമ അനുയായികളോടായി പറഞ്ഞു. വീട്ടിൽനിന്ന് ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിജെപിയെ പിന്തുണച്ച, രാജ്യത്തൊട്ടാകെയുള്ള ഓരോരുത്തർക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ സമരം ഇത്രയും വിജയകരമാകില്ലായിരുന്നുവെന്നും അഭിജിത് പറഞ്ഞു. "ജന്തർ മന്തറിൽ എത്തിയ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു. എല്ലാവരേയും സല്യൂട്ട് ചെയ്യുന്നു. പലരും നമ്മെ സംശയിച്ചു, വിമർശിച്ചു. അവർ അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ സ്വയം തിരുത്താൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവരോടും നന്ദി അറിയിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. സിജെപിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ജയ് ഹിന്ദ്", അഭിജിത് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

36 ദിവസം നീണ്ട സിജെപി പ്രതിഷേധത്തിനുമുന്നിൽ കേന്ദ്രം മുട്ടുമടക്കിയിരുന്നു. നീറ്റ് ക്രമക്കേടും ചോദ്യ പേപ്പർ ചോർച്ചയും  ഉന്നയിച്ച് സിജെപി നടത്തിയ സമരം ശക്തമായതോടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ സിജെപി ജന്തർ മന്തറിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിൽ സാമൂഹിക മാധ്യത്തിൽ കൂടി പിറവികൊണ്ട ആക്ഷേപഹാസ്യ പ്രസ്ഥാനമായ സിജെപി വളർന്നുപന്തലിച്ച് രാജ്യത്താകമാനം പടരുന്ന കാഴ്ചയാണ്. വെറും രണ്ട് മാസം മാത്രം പ്രായമുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ അടുത്ത ലക്ഷ്യം എന്ത് എന്ന് ഉറ്റു നോക്കുകയാണ് രാജ്യം.

Content Highlights: CJP officially ends 37-day protest at Jantar Mantar., Education Minister Dharmendra Pradhan resigned following CJP pressure., Abhijit Deepke confirms the movement is just beginning., CJP grew from a satire movement to a significant political force in two months., The party focuses on issues like NEET paper leaks and systemic accountability.