സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

#ന്യൂസ് ഡെസ്ക്
സൗരവ് ദാസ്, അശുതോഷ് റാങ്ക | Photo: ANI
സൗരവ് ദാസ്, അശുതോഷ് റാങ്ക | Photo: ANI

ന്യൂഡൽഹി: ജന്തർ മന്തറിലെ ബാരിക്കേഡുകൾ തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും കസ്റ്റഡിയിൽ വിടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ജന്തർ മന്തറിലെ അടച്ച പൂട്ടിയിരുന്ന ഗേറ്റുകൾ മറികടന്ന് ഇരുവരും അകത്തുകടന്നത്. ഇതേത്തുടർന്ന് ജന്തർ മന്തറിലെ നിരോധിക്കപ്പെട്ട സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്ന കേസിൽ ഒക്ടോബർ 14 മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ഒക്ടോബർ 19 ന് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയിരുന്നു. നിയമത്തോട് യാതൊരു ബഹുമാനവുമില്ലാത്ത പെരുമാറ്റമാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായതെന്നും സമാധാന അന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ ആശങ്കയുണ്ടെന്നും ഒക്ടോബർ 19 ലെ ഉത്തരവിൽ എസ്‌.ഇ.എം കോടതി വ്യക്തമാക്കിയിരുന്നു.