ജന്തർ മന്തറിലേക്ക് അതിക്രമിച്ചുകയറി; സി.ജെ.പി നേതാക്കൾക്ക് 5 ദിവസത്തെ തടവ്, തിഹാർ ജയിലിലേക്ക് മാറ്റി

#ന്യൂസ് ഡെസ്ക്
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിലേക്ക് അനധികൃതമായി പ്രവേശിച്ചതിനും മുൻപ് നൽകിയ സമാധാന കരാർ ലംഘിച്ചതിനും സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ 5 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. തിഹാർ ജയിലിലാണ് കസ്റ്റഡി. ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത അജിങ്ക്യ ഷിൻഡെയെ പുതിയ പീസ് ബോണ്ട് ഒപ്പുവെപ്പിച്ച ശേഷം വെറുതെ വിട്ടു. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് പ്രതികളെ ഹാജരാക്കിയത്.

ജന്തർ മന്തറിലേക്ക് അനധികൃതമായി അതിക്രമിച്ചു കയറൽ, നിരോധനാജ്ഞ ലംഘിക്കൽ, മുൻപ് നൽകിയ പീസ് ബോണ്ട് ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂവർക്കുമെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എസ്.ഐ.ആറിലെ ക്രമക്കേടുകൾ ആരോപിച്ചും ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയും സി.ജെ.പി സമരം സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ സൗരവ് ദാസും അശുതോഷ് റാങ്കയും ഒരു വർഷത്തേക്ക് സമാധാനം പാലിക്കാമെന്ന ബോണ്ടിൽ ഒപ്പുവെച്ച് പുറത്തിറങ്ങിയതായിരുന്നു. എന്നാൽ ഇത് ലംഘിച്ച് വീണ്ടും ജന്തർ മന്തറിലെത്തി ദേശീയപതാക ഉയർത്തിയതിനാണ് അറസ്റ്റ്.

ഒക്ടോബർ 11-ന് ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവ മാത്രമാണ് ഡൽഹിയിലെ ഔദ്യോഗിക സമരവേദികൾ. ജന്തർ മന്തറിനെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഭരണകേന്ദ്രത്തിൽ നിന്ന് പ്രതിഷേധങ്ങളെ മാറ്റിസ്ഥാപിക്കുന്നത് ജനകീയ ശബ്ദങ്ങളുടെ ശ്രദ്ധ കുറയ്ക്കുമെന്നാണ് സി.ജെ.പിയുടെ വിമർശനം.

പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ രംഗത്തെത്തി. 'സൗരവിനെയും അശുതോഷിനെയും 5 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. ജന്തർ മന്തറിൽ ത്രിവർണ്ണ പതാക ഉയർത്തി എന്നതാണോ അവർ ചെയ്ത തെറ്റ് എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താൻ ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കാതെ ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നേതാക്കളെ പുലർച്ചെ 3 മണിക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചെന്നും രാത്രി വൈകുന്നതുവരെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും സി.ജെ.പി ലീഗൽ ടീം മേധാവി രത്‌ന സിങ്ങും ആരോപിച്ചിട്ടുണ്ട്.

Content Highlights: CJP leaders Sourav Das and Ashutosh Ranga remanded to 5-day judicial custody., Arrested for unauthorized entry and violating peace bonds at Jantar Mantar., Protest held against the exclusion of Jantar Mantar from official protest venues and alleged SIR irregularities., CJP founder Abhijit Dipke criticized the police action and government response.