അഭിജീത്ത് ദിപ്‌കെ ഉൾപ്പെടെയുള്ള CJP നേതാക്കളെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും; അറസ്റ്റ് രേഖപ്പെടുത്തി

ന്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത്ത് ദിപ്‌കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ ഉടൻ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സിജെപിയുടെ നിയമവിഭാഗം മേധാവി അഡ്വ. രത്‌ന സിങ്ങിനേയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിജെപി നേതൃതാക്കൾക്കായി ഹാജരാകുക.
അഭിജീത്ത്, അശുതോഷ്, സൗരവ് എന്നിവരെ ഇന്ന് രാവിലെ ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വെച്ച് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് അഡ്വ. രത്‌ന സിങ്ങാണ് എക്‌സിലൂടെ അറിയിച്ചത്. ഡൽഹി പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്നും രത്‌ന സിങ് പറഞ്ഞു. സിജെപിയുടെ നിയമവിഭാഗം മേധാവി എന്ന നിലയിൽ താൻ മറ്റ് അഭിഭാഷകർക്കൊപ്പം പോലീസ് സ്റ്റേഷനിൽ ഉണ്ടാകുമെന്നും രത്‌ന സിങ് കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ നിന്നാണ് അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക പോലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി നേതാക്കൾക്ക് പുറമെ യൂട്യൂബർ ധ്രുവ് റാഠിയെയും കഴിഞ്ഞദിവസം വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് മുമ്പാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമായിരുന്നു ഇത്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളാണ് പ്രതിഷേധത്തിന് കാരണം.
അതേസമയം ഇന്ന് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സിജെപി വ്യക്തമാക്കി.
Content Highlights: CJP leaders Abhijeet Dipke, Saurav Das, and Ashutosh Ranka were placed under preventive arrest and will be produced before an executive magistrate, while senior lawyer Vrinda Grover leads their legal defense.