സി.ജെ.പി പാർലമെന്റ് മാർച്ചിനിടെ സംഘർഷം; പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, ലാത്തിച്ചാർജ്

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ചലോ സംസദ്' മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. 

ഏകദേശം എണ്ണായിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കാനായി  എത്തിയെന്നാണ് ആർപിഎഫ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരവ്യാപകമായി ആർപിഎഫും പോലീസും സേനയെ വിന്യസിച്ചിരുന്നു. മെട്രോ സ്‌റ്റേഷനുകളടക്കം അടിച്ചിട്ടാണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പ്രതിഷേധമാർച്ച് അക്രമാസക്തമാവില്ലെന്ന് സിജെപി പോലീസിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പാർലമെന്റിന് സമീപം കല്ലുകൾ നിറച്ച വാഹനങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും സമരക്കാർക്ക് നേരെ പ്രയോഗിക്കാനുള്ള ശ്രമമാണ് പോലീസിനുള്ളതെന്നും സിജെപി ആരോപിച്ചു.

സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ, നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ്, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര, എ.എസ്.പി നേതാവ് ചന്ദ്രശേഖർ ആസാദ്, എഎപി നേതാവ് ഗോപാൽ റായ്, നടി ശബാന ആസ്മി തുടങ്ങിയവർ പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധസ്ഥലത്ത് എത്തിയിരുന്നു. അതിനിടെ പ്രതിഷേധക്കാർ സുപ്രീം കോടതിയിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്കും മാർച്ച് നടത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആഹ്വാനം ചെയ്തു. പാർലമെന്റ് മാർച്ചിന് അനുമതി ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്കും ഇ.ഡി ആസ്ഥാനത്തേക്കും മാർച്ച് നടത്തണം, ഈ രണ്ടുസ്ഥാപനങ്ങളും നാടിന് ആപത്താണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

നീറ്റ് പരീക്ഷാക്രമക്കേടുകളിൽ കേന്ദ്രവിദ്യഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപിയുടെ പ്രതിഷേധ മാർച്ച്. തിങ്കളാഴ്ച പാർലമെന്റ് സമ്മേളനവും ആരംഭിക്കുന്നതിനിലാണ് ഡൽഹി പോലീസിന് മാർച്ചിന് അനുമതി നിഷേധിച്ചത്. ഡൽഹി പരിധിയിൽ മുഴുവനും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് ആദ്യമേതന്നെ അറിയിച്ചിരുന്നു.

Content Highlights: CJP organized a 'Chalo Sansad' march demanding the resignation of Education Minister Dharmendra Pradhan over NEET exam irregularities., Protesters clashed with police after permission was denied for the march near Parliament., Prominent figures like Prakash Raj, Mahua Moitra, and Shabana Azmi extended their support., Delhi police enforced Section 144 across the city to maintain order during the Parliamentary session., Sanjay Raut suggested extending protests to the Supreme Court and ED headquarters.