ജനങ്ങളെ വിശ്വാസത്തിലെടുക്കണം, നിലപാട് ശക്തമായി പറയണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണം (എസ്‌ഐആർ) സംബന്ധിച്ച വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് കൂടുതൽ ശക്തമായി പറയണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. പ്രതിപക്ഷത്തിന് മറുപടി നൽകുന്നതിൽ മാത്രം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആശയവിനിമയം ഒതുങ്ങരുത്. പകരം തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.
'ചീഫ് ഇലക്ഷൻ കമ്മിഷണറുടെ ഭാഗം കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. രാഹുൽ ഗാന്ധിയെയോ പ്രതിപക്ഷത്തെയോ തൃപ്തിപ്പെടുത്താനല്ല, ജനങ്ങളെ വിശ്വാസത്തിലെടുക്കാനാണ് അത് ചെയ്യേണ്ടത്. ജനങ്ങളുടെ മനസിൽ തിരഞ്ഞെടുപ്പിനെ കുറിച്ച് സംശയങ്ങൾ ഉയരുന്നത് ശരിയല്ല.' -ചിരാഗ് പാസ്വാൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ ചില തീരുമാനങ്ങളെക്കുറിച്ച് ഇലക്ഷൻ കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് പാസ്വാന്റെ പ്രതികരണം. കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ തീരുമാനങ്ങളിലും ഉത്തരവുകളിലും കുറഞ്ഞത് 14 തവണ ഇരുവരും എതിർപ്പ് അറിയിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എസ്ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുംവിധത്തിൽ ഇത് മാറുകയും ചെയ്തിരുന്നു.
തങ്ങളുടെ അനുമതിയില്ലാതെ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ പലതും നിയമവിരുദ്ധമാണെന്ന് സുഖ്ബീറും വിവേകും ഫയലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ചില വിയോജിപ്പുകൾ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായ ഗ്യാനേഷ് കുമാറിനും ഡെപ്യൂട്ടി കമ്മിഷണർമാർക്കും വിവേകും സുഖ്ബീറും അയച്ചിരുന്നുവെന്നാണ് വിവരം. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നത് എന്നതാണ് വിവരം.
Content Highlights: Union Minister Chirag Paswan stated that Chief Election Commissioner Gyanesh Kumar must firmly present the EC's stance on the Special Intensive Revision (SIR) exercise to build public trust rather than satisfy the opposition.