കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഢ് സർക്കാർ ജാമ്യം എതിർത്തു, വിധി പകർപ്പ് പുറത്ത്

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിക്കുന്നതിനെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. എതിർപ്പ് ജഡ്ജിക്ക് എഴുതി നൽകി. മാതൃഭൂമി ന്യൂസിന് ലഭിച്ച വിധി പകർപ്പിലാണ് ഛത്തീസ്ഗഢ് സർക്കാർ സ്വീകരിച്ച നിലപാട് വ്യക്തമായിട്ടുള്ളത്. ജാമ്യത്തെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തിട്ടില്ലെന്നതായിരുന്നു ബിജെപി വാദം. ഇത് തള്ളുന്നതാണ് വിധി പകർപ്പ്.
ദുർഗിലെ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവേ കന്യസ്ത്രീകൾക്കു വേണ്ടി അഭിഭാഷകൻ വാദം നിരത്തി. അതിനെ പബ്ലിക്ക് പ്രോസിക്യൂട്ടർ അതിശക്തമായി എതിർക്കുകയായിരുന്നു. സെഷൻ 143 പ്രകാരം ഈ കേസ് പരിഗണിക്കാൻ കോടതിയ്ക്ക് അവകാശമില്ലെന്നും ജാമ്യഹർജി തള്ളണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കന്യാസ്ത്രീകൾ ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ചു.
ദുർഗിലെ ജയിലിൽ റിമാൻഡിൽകഴിയുന്ന കന്യാസ്ത്രീകൾ കഴിഞ്ഞദിവസം ജാമ്യംതേടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വിഷയത്തിൽ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദൾ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതൽതന്നെ ജ്യോതിശർമ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ബജ്‌റങ്ദൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു. കന്യാസ്ത്രീകൾക്ക് ജാമ്യംനൽകരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യവും മുഴക്കി. തുടർന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്‌റങ്ദളിന്റെ അഭിഭാഷകർ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് ബജ്‌റങ്ദൾ പ്രവർത്തകർ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങൾ ആരംഭിച്ചത്.
സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢിൽ അറസ്റ്റിലായത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജ്‌റങ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
Content Highlights: Chhattisgarh government opposes bail for Kerala nuns arrested on charges of conversion & trafficking