തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾക്ക് തീപ്പിടിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം. ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോൾ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. വണ്ടി അതിവേഗത്തിലായതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും അഞ്ചു കോച്ചുകൾ പാളംതെറ്റുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉടൻതന്നെ സ്ഥലത്തെത്തി. യാത്രക്കാരുണ്ടായിരുന്ന കോച്ചുകളിലാണ് തീപിടിച്ചത്. തെറ്റായ സിഗ്നലാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. ലൂപ്പ് ലൈനിലായിരുന്നു ഗുഡ്സ് ട്രെയിൻ ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലം ഇരുട്ടിലായതിനാൽ അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ വിവരം അറിവായിട്ടില്ല. ചികിത്സ നൽകാൻ കവരപ്പേട്ടയ്ക്കു സമീപത്തെ ആശുപത്രികളെല്ലാം സജ്ജമാണെന്ന് തിരുവള്ളൂർ കളക്ടർ പ്രഭുശങ്കർ അറിയിച്ചു.