എഗ്‌മോർ-മംഗളൂരു പ്രത്യേക തീവണ്ടി; റിസർവേഷൻ ആരംഭിച്ചത് ശനിയാഴ്ച രാവിലെ, മണിക്കൂറുകൾക്കുള്ളിൽ സീറ്റുകൾ തീർന്നു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: എഗ്‌മോർ-മംഗളൂരു പ്രത്യേക തീവണ്ടിയിലേക്കുള്ള സീറ്റുകൾ ബുക്കുചെയ്ത് കഴിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ശനിയാഴ്ച രാത്രി 11.55-ന് പുറപ്പെടുന്ന രീതിയിലാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്. അവസാന നിമിഷത്തിൽ തീവണ്ടി പ്രഖ്യാപിച്ച സംഭവത്തിൽ അമർഷം യാത്രക്കാർ രേഖപ്പെടുത്തിയിരുന്നു.

എങ്കിലും ശനിയാഴ്ച ഉച്ചയോടെ തന്നെ സ്ലീപ്പർ കോച്ചുകളിലേക്കും തേർഡ് എ.സി. കോച്ചുകളിലേക്കുമുള്ള സീറ്റുകൾ ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു. സെക്കൻഡ് എ.സി. കോച്ചുകളിൽ പത്തിൽ താഴെ സീറ്റുകൾ ബാക്കിയുണ്ടായിരുന്നു. വൈകീട്ടോടെ സെക്കൻഡ് എ.സി.യിലെ സീറ്റുകളും ബുക്ക് ചെയ്തുകഴിഞ്ഞു. ശനിയാഴ്ചരാത്രി പുറപ്പെടുന്ന തീവണ്ടിയിലേക്ക് റിസർവേഷൻ ആരംഭിച്ചത് ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു. എങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭൂരിഭാഗം സീറ്റുകളും ബുക്ക്ചെയ്തു കഴിഞ്ഞു.

പൂജാ അവധിക്ക് ചെന്നൈയിൽനിന്ന് വടക്കൻ കേരളത്തിലേക്ക് പ്രത്യേകതീവണ്ടി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. പലതവണ നേരിട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരുദിവസം മുൻപ്‌ മാത്രമാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്.

തീവണ്ടി പ്രഖ്യാപിച്ച വിവരം പല സംഘടനാനേതാക്കളും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മലയാളി യാത്രക്കാർക്കിടയിൽ പ്രചരിപ്പിച്ചു. ഇതിലൂടെ യാത്രയ്ക്ക് തയ്യാറെടുക്കാൻ യാത്രക്കാർക്ക് വേണ്ടത്ര സമയം ലഭിച്ചു. പലരും സമാന്തര സർവീസുകളിൽ നാട്ടിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുത്തിരിക്കയായിരുന്നു. ഇനിയെങ്കിലും ചെന്നൈയിൽനിന്ന് മംഗളൂരു ഭാഗത്തേക്കുള്ള പ്രത്യേക തീവണ്ടി നേരത്തേ തന്നെ പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഓണക്കാലത്തും മംഗളൂരുവിലേക്ക് അവസാനഘട്ടത്തിലാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്. റെയിൽവേയുടെ ഈ നടപടി അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

Content Highlights: Chennai-Mangaluru special train tickets sold out within hours of opening reservation., Passengers expressed anger over the last-minute announcement by the railways., Travelers demand advance notice for holiday special trains from Chennai to Kerala and Mangaluru.