വാഹനാപകട മരണം: വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.4 കോടി രൂപ നഷ്ടപരിഹാരം, 4 വർഷത്തെ നിയമപോരാട്ടം

പ്രതീകാത്മക ചിത്രം | Photo: Special Arrangement
പ്രതീകാത്മക ചിത്രം | Photo: Special Arrangement

ചെന്നൈ: വാഹനാപകടത്തിൽ മരിച്ച വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.4 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ട് മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ. നാലു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ചെന്നൈയിൽ ദന്തഡോക്ടറായ ഇമയാവല്ലിയുടെ (35) കുടുംബത്തിനു നീതി ലഭിച്ചത്.

2022 ഓഗസ്റ്റ് 15-ന് കുംഭകോണത്തെ നല്ലത്തനല്ലൂരിൽ ഭർത്താവ് രാധാകൃഷ്ണനൊപ്പം കാറിൽ സഞ്ചരിക്കവേ എതിർദിശയിൽവന്ന ചരക്കുലോറി ഇടിക്കുകയായിരുന്നു. ഇമയാവല്ലി സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറോടിച്ചിരുന്ന രാധാകൃഷ്ണനു പരിക്കേറ്റു.

അപകടത്തെത്തുടർന്ന് രാധാകൃഷ്ണനും മകൻ ഹേമദേവ് ദർശനും ചെന്നൈയിലെ മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിൽ പരാതി നൽകി. ഇൻഷുറൻസ് കമ്പനി ഇതിനെ എതിർക്കുകയും കേസ് തള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ട്രിബ്യൂണൽ അതിനു തയ്യാറായില്ല.

അപകടത്തിൽ മരിച്ച ഡോക്ടർ സ്വകാര്യാശുപത്രിയിൽ പ്രതിമാസം 55,200 രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. സ്വകാര്യ ക്ലിനിക്കും നടത്തിയിരുന്നു. മരിക്കുമ്പോൾ 35 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജീവിച്ചിരുന്നെങ്കിൽ ജോലിയിൽ കൂടുതൽ ഉയർച്ചയും ധാരാളം വരുമാനവും ഉണ്ടാക്കാൻ അവർക്കു സാധിക്കുമായിരുന്നെന്നു നിരീക്ഷിച്ച കോടതി നഷ്ടപരിഹാരമായി 1.4 കോടി രൂപ നൽകാൻ ഉത്തരവിട്ടു. കേസ് ഫയൽ ചെയ്ത തീയതി മുതൽ 7.5 ശതമാനം പലിശസഹിതം ഇൻഷുറൻസ് കമ്പനി ഭർത്താവിനു നൽകണമെന്നാണ് നിർദേശം. 

Content Highlights: The Motor Accident Claims Tribunal awarded 1.4 crore in compensation. The case followed a four-year legal battle after a fatal 2022 accident. Compensation includes 7.5% interest from the date of filing. The court calculated potential future earnings of the 35-year-old dentist.