വിശ്വസ്തയായ അധ്യക്ഷയും പടിയിറങ്ങി; മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടിഎംസിയിൽ നിന്ന് രാജിവെച്ചു

കൊൽക്കത്ത: മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ പാർട്ടിയെ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടാണ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. മമത തന്റെ ഏറ്റവും വിശ്വസ്തയായ നേതാവിനെ ഈ പദവിയിൽ നിയമിച്ചെങ്കിലും, ഒരു മാസം തികയും മുൻപേ അവർ പടിയിറങ്ങിയത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തനിക്ക് നൽകിയിട്ടുള്ള സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മറ്റ് എല്ലാ ചുമതലകളിൽ നിന്നും ഒഴിയുകയാണെന്ന് മമത ബാനർജിക്ക് നൽകിയ രാജി കത്തിൽ ചന്ദ്രിമ വ്യക്തമാക്കി. വിവിധ ബാങ്കുകളിലുള്ള പാർട്ടിയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അധികാരം എന്നിവ ഇനിമുതൽ തന്നിൽ നിഷിപ്തമല്ലെന്നും അവർ രാജി കത്തിൽ ചൂണ്ടിക്കാട്ടി.
കൊൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011ലാണ് നിയമസഭയിലെത്തുന്നത്. മമത സർക്കാരിൽ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അവർ മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്നു.
മമതയും അനന്തരവൻ അഭിഷേക് ബാനർജിയും നേരിടുന്ന അതിരൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ ഭാഗമായാണ് ഈ രാജിയും കണക്കാക്കപ്പെടുന്നത്. പാർട്ടിയുടെ 80 എംഎൽഎമാരിൽ 50 പേരും ഇതിനോടകം റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിൽ ചേർന്നത് തൃണമൂൽ കോൺഗ്രസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. വിമത വിഭാഗം ഇപ്പോൾ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന് മേലുള്ള അവകാശവാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വിമതർ നടത്തുന്ന സമാന്തര പ്രവർത്തനങ്ങളെ ഔദ്യോഗിക നേതൃത്വം തള്ളിക്കളയുന്നുണ്ടെങ്കിലും, ചിഹ്നത്തിനായുള്ള നിയമപോരാട്ടം മുറുകുന്നത് പാർട്ടിയെ പിളർപ്പിലേക്കാണ് എത്തിക്കുന്നത്.
Content Highlights: TMC leader Chandrima Bhattacharya resigns from all party posts.