'ചന്ദ്രശേഖര്‍ ആസാദിന് ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റണം; ഹൃദയാഘാതം ഉണ്ടായേക്കാം'
ഡല്‍ഹി: തീഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍. പൗരത്വ ഭേദഗതിയ്‌ക്കെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ആസാദിന്റെ ഡോക്ടറായ ഹര്‍ജിത് സിങ് ഭട്ടി ട്വീറ്റ് ചെയ്തു.
ഫ്ളെബോടോമി രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചന്ദ്രശേഖര്‍ ആസാദ് ചികിത്സയിലാണ്. ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ ചന്ദ്രശേഖര്‍ ആസാദിന് രക്തം മാറ്റേണ്ടതുണ്ട് ഇത് ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മികച്ച ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ ട്വീറ്ററിലൂടെ അമിത് ഷായോട് ആവശ്യപ്പെട്ടു.
ആസാദിന്റെ ആരോഗ്യസ്ഥിതി ഡല്‍ഹി പോലീസിനെ അറിയിച്ചതാണെന്നും എന്നാല്‍ ചികിത്സ ലഭ്യമാക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ഡോക്ടര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഡോക്ടറുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നശേഷം സമൂഹ മാധ്യമങ്ങളിലടക്കം ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. പോലീസ് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി ഭീം ആര്‍മി രംഗത്തെത്തി.
എന്നാല്‍ ആസാദ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആവശ്യമാണെങ്കില്‍ ചികിത്സ ലഭ്യമാക്കുമെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
Content Highlight: Chandrashekhar Azad may suffer cardiac arrest: Doctor
Content Highlights: