ചന്ദ്രബോസ് വധം:വ്യവസായി നിഷാം പണം നൽകിയില്ലെങ്കിൽ സർക്കാർ 50 ലക്ഷം നൽകണമെന്ന് ചന്ദ്രബോസിന്റെ ഭാര്യ

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
ചന്ദ്രബോസ്, പ്രതി മുഹമ്മദ് നിഷാം | ഫയല്‍ചിത്രം | Photo: Mathrubhumi & AFP
ചന്ദ്രബോസ്, പ്രതി മുഹമ്മദ് നിഷാം | ഫയല്‍ചിത്രം | Photo: Mathrubhumi & AFP

ന്യൂഡൽഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് ആരോപിച്ച് ചന്ദ്രബോസിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനായിരുന്നു വിചാരണ കോടതി ഉത്തരവ്. നിഷാം ഈ തുക നൽകുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ അത് നൽകണം എന്നാണ് വിചാരണ കോടതി ഉത്തരവെന്ന് ജമന്തി ചന്ദ്രബോസ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് എതിരെ നിഷാം നൽകിയ ഹർജിയിൽ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് ഉണ്ടായാൽ ഈ നഷ്ടപരിഹാരവും നഷ്ടമാകില്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. എന്നാൽ, നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടന്ന് ജമന്തി ചന്ദ്രബോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വാദം കേൾക്കാമെന്ന് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് മുഹമ്മദ് നിഷാം നൽകിയ ഹർജി പരിഗണിക്കവെയാണ് ചന്ദ്രബോസിന്റെ ഭാര്യ ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർത്തു. ഇടക്കാല ജാമ്യത്തിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോടും ജമന്തി ചന്ദ്രബോസിനോടും സുപ്രീം കോടതി നിർദേശിച്ചു. കേസിലെ ശിക്ഷയ്ക്ക് എതിരെ നിഷാം നൽകിയ ഹർജിയിൽ അപ്പീൽ മെയ് 8-ന് പരിഗണിക്കാനായി മാറ്റി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. മുഹമ്മദ് നിഷാമിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ആണ് ഹാജരായത്.

Content Highlights: Jamanthi Chandrabose petitions Supreme Court for Rs 50 lakh compensation., Trial court mandated government liability if Nisham fails to pay., State government opposes Nisham's interim bail plea., Supreme Court to hear the appeal on May 8th.