'പരിഭ്രാന്തരായി ബുക്ക് ചെയ്യേണ്ടതില്ല'; 100% ഗാർഹിക എൽപിജി വിതരണം ഉറപ്പാക്കുമെന്ന് കേന്ദ്രം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധനമേഖലയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ, രാജ്യത്ത് പാചകവാതക വിതരണം സുരക്ഷിതമാണെന്ന് ഉറപ്പുനൽകി കേന്ദ്ര സർക്കാർ. വിദേശത്തുനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടാലും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ട് 100 ശതമാനം വിതരണവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. അനാവശ്യമായ ഭീതികാരണം സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച സർക്കാർ ബുക്കിങുകൾ തമ്മിലുള്ള ഇടവേള 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾ മറികടക്കാൻ ഇന്ധന സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതായും, നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഭൂരിഭാഗവും തടസ്സമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കൂടാതെ, ആശുപത്രികൾ പോലുള്ള അത്യാവശ്യ സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുള്ളതായും സർക്കാർ അറിയിച്ചു. ബുധനാഴ്ച നടന്ന അന്തർ മന്ത്രാലയ വിശദീകരണ യോഗത്തിൽ (inter-ministerial briefing), പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും 100% ഗാർഹിക എൽപിജി വിതരണം ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, ഗ്യാസ് ഉത്പാദനം വർദ്ധിപ്പിക്കാൻ ആഭ്യന്തര വിതരണക്കാർക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി ആഭ്യന്തര ഉത്പാദനം 25 ശതമാനം വർധിച്ചതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും പൂഴ്ത്തിവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവർ സമ്മതിച്ചു.

അതേസമയം, രാജ്യത്ത് എൽപിജിക്ക് ക്ഷാമമില്ലെന്നും അവർ വ്യക്തമാക്കി. ഗാർഹിക എൽപിജിയുടെ സാധാരണ വിതരണ കാലാവധി (delivery cycle) ഏകദേശം രണ്ടര ദിവസമാണെന്നും അതിനാൽ ഉപഭോക്താക്കൾ ധൃതിപ്പെട്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടതില്ലെന്നും സുജാത ശർമ്മ പറഞ്ഞു. താൽക്കാലിക നടപടിയെന്ന നിലയിൽ, എൽപിജി ബുക്കിങുകൾ തമ്മിലുള്ള കുറഞ്ഞ ഇടവേള 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പാചകവാതക വിതരണത്തിന്റെ ഏകദേശം 51 ശതമാനം ആഭ്യന്തരമായും ബാക്കി വിദേശത്തുനിന്നുമാണ് കണ്ടെത്തുന്നത്. ഇറക്കുമതി ചെയ്യുന്നവയിൽ 90 ശതമാനവും ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ് വരുന്നത്. ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലെ ടാങ്കർ, കണ്ടെയ്‌നർ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ എണ്ണയുടെയും ഗ്യാസിന്റെയും വില കൂടുന്നതിനും ഊർജ്ജ അരക്ഷിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്.

ലോകത്തിലെ സമുദ്രം വഴിയുള്ള എണ്ണ, ഗ്യാസ് വ്യാപാരത്തിന്റെ 20-25 ശതമാനം ഈ ജലപാതയിലൂടെയാണ് നടക്കുന്നത്. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 70 ശതമാനത്തെയും അത് ബാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ സർക്കാർ വൈവിധ്യവൽക്കരണം കൊണ്ടുവന്നതായി സുജാത ശർമ്മ വ്യക്തമാക്കി. ഇതിന്റെ ഫലമായി, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 70 ശതമാനവും ഇപ്പോൾ ഹോർമുസ് കടലിടുക്കിന് പുറത്തുള്ള വഴികളിലൂടെയാണ് എത്തുന്നത്. മുൻപ് ഇത് 55 ശതമാനമായിരുന്നു.

ഇന്ത്യയുടെ വിതരണം സുരക്ഷിതമാണെന്നും രണ്ട് എൽഎൻജി (LNG) കപ്പലുകൾ ഉടൻ രാജ്യത്തെത്തുന്നതോടെ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നും സുജാത ശർമ്മ പറഞ്ഞു. ഗാർഹികേതര ആവശ്യങ്ങൾക്കായി ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകും. അത്യാവശ്യമല്ലാത്ത മേഖലകളിലെ ഗ്യാസ് ലഭ്യത പരിശോധിക്കുന്നതിനായി ഇന്ത്യൻ ഓയിൽ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതമാണെന്നും പ്രതിദിന ഉപഭോഗം 55 ലക്ഷം ബാരലാണെന്നും സുജാത ശർമ്മ വ്യക്തമാക്കി. വൈവിധ്യവൽക്കരണത്തിലൂടെ, ഹോർമുസ് കടലിടുക്ക് വഴി സാധാരണ ലഭിക്കാറുള്ളതിനേക്കാൾ കൂടുതൽ അളവ് ഇപ്പോൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഉത്പാദനം കുറഞ്ഞതും ഹോർമുസ് കടലിടുക്ക് അടഞ്ഞതും കാരണം എണ്ണവിലയിൽ 65 ശതമാനമാണ് വർധനവുണ്ടായത്. യുദ്ധത്തിന് മുൻപ് ബാരലിന് 72.48 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ തിങ്കളാഴ്ച 119.50 ഡോളറിലെത്തി. 2022-ന് ശേഷം ആദ്യമായാണ് വില 100 ഡോളർ കടക്കുന്നത്.

Content Highlights: Centre assures 100% availability of domestic LPG supplies. Public urged to avoid panic booking; delivery cycle remains stable. Minimum gap between LPG bookings increased to 25 days. 70% of Indian oil imports are now secured via routes outside Strait of Hormuz. Priority for gas supply given to hospitals and educational institutions.