'ഗുസ്തി താരങ്ങൾ ബുദ്ധിമുട്ടരുത്'; ഫെഡറേഷൻ നടത്തിപ്പിന് പാനൽ രൂപവത്കരിക്കാൻ കായിക മന്ത്രാലയം

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നടത്തിപ്പിനായി ഒരു താത്കാലിക പാനൽ രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദേശം നൽകി കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുമായുള്ള തർക്കത്തേത്തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് തീരുമാനം.
കായികതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം തീരുമാനമെടുക്കാൻ താത്കാലിക പാനൽ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്ക് മന്ത്രാലയം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ട്. കൃത്യമായ രീതിയിലുള്ള ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ആവശ്യമാണ്. ഇക്കാര്യം ഒളിമ്പിക് അസോസിയേഷൻ ഉറപ്പുവരുത്തണം. അച്ചടക്കമുള്ള ഗുസ്തിതാരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കത്തിൽ പറയുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, മുൻ ഭാരവാഹികളുടെ പൂർണനിയന്ത്രണത്തിലാണെന്ന് കായിക മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയങ്ങോട്ട് താത്കാലികമായി രൂപവത്കരിക്കപ്പെട്ട പാനലിനായിരിക്കും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദെെനംദിന കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ചുമതല.
ഡിസംബർ 21-നാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തത്. പിന്നാലെ, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനാണ് ഇയാളെന്ന് ചൂണ്ടിക്കാട്ടി ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക് പ്രതിഷേധിക്കുകയും ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങൾക്ക് നൽകിയ ഉറപ്പ് നിറവേറ്റിയില്ലെന്നും സാക്ഷി ആരോപിച്ചിരുന്നു.
ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് ഗുസ്തി താരം ബജ്‌രംഗ് പുനിയ പദ്മശ്രീ തിരിച്ചുനല്‍കിയിരുന്നു. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlights: Centre Asks Indian Olympic Association To Form Panel To Run Wrestling Body