'ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥ, അഴിമതി, പിടിപ്പുകേട്'; UPA ഭരണത്തെ വിമര്‍ശിച്ച് കേന്ദ്രത്തിന്റെ ധവളപത്രം

മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി File Photo: PTI
മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി File Photo: PTI

ന്യൂഡല്‍ഹി: യു.പി.എ. ഭരണകാലയളവിനെ കടന്നാക്രമിച്ച് പാര്‍ലമെന്റില്‍ ധവളപത്രം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2014-ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരിച്ച വേളയില്‍ സമ്പദ്‌വ്യവസ്ഥ ദുര്‍ബലാവസ്ഥയില്‍ ആയിരുന്നുവെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. സാമ്പത്തിക പിടിപ്പുകേടും അച്ചടക്കമില്ലായ്മയും വ്യാപക അഴിമതിയും അക്കാലത്തുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടമായിരുന്നു അന്നെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് സജ്ജമായിരുന്ന, ആരോഗ്യകരമായ സമ്പദ്വ്യവസ്ഥയായിരുന്നു യു.പി.എ. സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ പത്തുകൊല്ലം കൊണ്ട് അതിനെ നിഷ്‌ക്രിയമാക്കിയെന്ന് ധവളപത്രം ആരോപിക്കുന്നു.

2014-ലെ കല്‍ക്കരി കുംഭകോണം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് ധവളപത്രത്തില്‍ പറയുന്നു. 2012 ജൂലായില്‍ വൈദ്യുതി തടസപ്പെട്ടതിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇതേത്തുടര്‍ന്ന് 62 കോടി ജനങ്ങള്‍ ഇരുട്ടിലാവുകയും ദേശീയസുരക്ഷ അപകടത്തിലാവുകയും ചെയ്തു.

2ജി സ്പെക്ട്രം അഴിമതിയെയും നയരൂപവത്കരണത്തിലെ താമസത്തെയും തുടര്‍ന്ന് ഇന്ത്യയുടെ ടെലികോം മേഖലയ്ക്ക് വിലയേറിയ പത്തുകൊല്ലം നഷ്ടമായെന്നും ധവളപത്രം വിമര്‍ശിക്കുന്നു. ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ചിഹ്നമായ ആധാറും യു.പി.എ. കാലത്ത് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യപ്പെട്ടില്ല. പ്രതിരോധ മേഖലയിലെ അഴിമതിയും വിവാദങ്ങളും തീരുമാനം കൈക്കൊള്ളുന്നതില്‍ കാലതാമസം വരുത്തുന്നതിലേക്ക് നയിച്ചു. ഇത് രാജ്യം പ്രതിരോധ സജ്ജമാകുന്നതിനെ ബാധിച്ചു.

വികസന പദ്ധതികള്‍ മോശം രീതിയിലാണ് നടപ്പാക്കിയത്. യു.പി.എ. കാലത്തുണ്ടായിരുന്ന നിരുത്സാഹപ്പെടുത്തുന്ന നിക്ഷേപാന്തരീക്ഷം, ആഭ്യന്തര നിക്ഷേപകരെ വിദേശത്തേക്ക് പോകുന്നതിന് വഴിവെച്ചു. യു.പി.എ. കാലത്ത് നേതൃത്വ പ്രതിസന്ധിയുണ്ടായിരുന്നെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.


 

Content Highlights: central government submits white paper criticises upa