കോണ്‍ഗ്രസിനെതിരായ ആനിമേറ്റഡ് വിഡിയോ: BJP അധ്യക്ഷന്‍ നഡ്ഡയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കര്‍ണാടക: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്‌ക്കെതിരേ കേസെടുത്ത് പോലീസ്. കര്‍ണാടക ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലെ പേജില്‍ പങ്കുവെച്ച വീഡിയോ വര്‍ഗീയ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിലാണ് കേസ്. കര്‍ണാടകയിലെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ബി.വൈ വിജയേന്ദ്ര, ഐടി സെല്‍ മേധാവി അമിത് മല്‍വിയ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കര്‍ണാടക ബി.ജെ.പി സമൂഹമാധ്യമങ്ങളിലെ പേജില്‍ പങ്കുവെച്ച ആനിമേറ്റഡ് വീഡിയോ ആണ് കേസിനാധാരം. വിഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിങ്ങള്‍ക്ക് വലിയ രീതിയില്‍ ഫണ്ട് നല്‍കുന്നതായി കാണിക്കുന്നുണ്ട്. ശനിയാഴ്ചയാണ് 17-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ട്വീറ്റ് ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകളാണ് വീഡിയോയിലുള്ളത്. അവര്‍ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടില്‍ നിക്ഷേപിക്കുന്നതായാണ് കാണിക്കുന്നത്. പക്ഷിക്കൂട്ടില്‍ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞതിന് ശേഷം രാഹുല്‍ ഗാന്ധി മുസ്ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ടുകള്‍ നല്‍കുന്നു. മറ്റുള്ള പക്ഷികള്‍ അതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അത് നല്‍കുന്നില്ല.
കര്‍ണാടക കോണ്‍ഗ്രസ് ലീഗല്‍ യൂണിറ്റ് അംഗമായ രമേഷ് ബാബുവാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നേരത്തേ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
Content Highlights: Case against JP Nadda Amit Malviya over Karnataka BJP's animated clip